ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്കു പിന്നില്‍ വന്‍ അജണ്ട, ആശങ്കയുണ്ട്’..: പ്രധാനമന്ത്രിക്ക് മുന്‍ ഉന്നത ഉദ്യോഗസ്ഥരുടെ കത്ത്

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ ഉദ്യോഗസ്ഥരുടെ കത്ത്. രാജ്യത്തുടനീളമുള്ള 93 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്താണ് പ്രധാനമന്ത്രിക്ക് അയച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെയാണ് കത്ത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടതല്ലെന്നും എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള നിഷ്പക്ഷതയിലും പ്രതിബദ്ധതയിലും വിശ്വസിക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ കത്തില്‍ വ്യക്തമാക്കുന്നു.

ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ ‘വികസനം തടസ്സപ്പെടുത്തുന്ന’ വിവാദ ഉത്തരവുകളില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു.ഓരോ ഉത്തരവുകള്‍ക്കു പിന്നിലും വലിയൊരു അജണ്ടയുണ്ട്. അത് ദ്വീപിന്റെയും ദ്വീപുവാസികളുടെയും ധാര്‍മ്മികതയ്ക്കും താത്പര്യങ്ങള്‍ക്കും എതിരാണ്.’ദ്വീപ് നിവാസികളുമായി കൂടിയാലോചിക്കാതെയാണ് ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതെന്നും കത്തില്‍ പറയുന്നു. ഈ നടപടികളെല്ലാം ലക്ഷദ്വീപിന്റെ പരിസ്ഥിതിയെയും സമൂഹത്തേയും ബഹുമാനിക്കുന്ന സ്ഥാപിത സമ്പ്രദായങ്ങളുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു. വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വിരമിച്ച ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, മുന്‍ ലക്ഷദ്വീപ് അട്മിനിസ്ട്രേറ്റര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.