മരംമുറി കേസ്: വകുപ്പുതല നടപടിയില്‍ നില്‍ക്കില്ല; കോഴ ആരോപണവും അന്വേഷിക്കും: വനംമന്ത്രി

    തിരുവനന്തപുരം: കര്‍ഷകരുടെ പട്ടയ ഭുമിയില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ നടന്ന മരംകൊള്ളയില്‍ ദ്യോഗസ്ഥര്‍ക്കെതിരായ നടപടി വകുപ്പുതലത്തില്‍ മാത്രം ഒതുങ്ങില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. പ്രതി ഉന്നയിച്ച കോഴ ആരോപണവും അന്വേഷിക്കും. അതിനാണ് വിജിലന്‍സിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

    അന്വേഷണ ഉത്തരവ് അട്ടിമറിക്കാന്‍ ആരോപണ വിധേയനായ എന്‍.ടി സാജന് കഴിയില്ല. സാജന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. സാജന് മുകളില്‍ ധാരാളം ഉദ്യോഗസ്ഥരുണ്ട്.

    സര്‍ക്കാരിന്റെ ഉത്തരവ് സദ്ദുദ്ദേശപരമായിരുന്നുവെന്ന് മന്ത്രി ആവര്‍ത്തിച്ചു. മലയോര മേഖലയിലെ കര്‍ഷകരുടെ പട്ടയ ഭൂമിയില്‍ നിന്നുള്ള മരംമുറിക്കാണ് ഉത്തരവ് ഇറക്കിയത്. ആ ഉത്തരവിനെ മുന്‍ മുഖ്യമന്ത്രി വരെ അംഗീകരിച്ചു. ആ മേഖലകളില്‍നിന്ന് അത്തരം ആവശ്യം ഉയര്‍ന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ ഉത്തരവ് ദുരുപയോഗിക്കുകയായിരുന്നു. ഉത്തരവ് ദുരുപയോഗിച്ചുവെന്ന് കെണ്ടത്തിയതോടെയാണ് റദ്ദാക്കിയത്.

    കര്‍ഷകരുടെ അവകാശം സംരക്ഷിക്കണമെന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഒരു സംശയവുമില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.