മാതാപിതാക്കൾക്ക് പീഡനം: വിചാരണയ്ക്ക് ഹാജരാകാത്ത മകനെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി

മാതാപിതാക്കളെ മാനസികമായും ശാരീരികമായും മകൻ പീഡിപ്പിക്കുന്നതായുള്ള മാതാപിതാക്കളുടെ പരാതിയെ തുടർന്ന് വിചാരണയ്ക്ക് ഹാജരാകാതിരുന്ന മകനെ അറസ്റ്റ് ചെയ്യിപ്പിച്ച് വിചാരണ നടത്തി തൃശൂർ മെയിൻ്റനൻസ് ട്രിബ്യൂണൽ പരാതിയ്ക്ക് തീർപ്പുകൽപ്പിച്ചു.

തൃശൂർ താലൂക്ക് അരണാട്ടുകര വില്ലേജിൽ താമസിക്കുന്ന പുല്ലഴി കുന്നത്ത് വീട്ടിൽ ഗോപിയും ഭാര്യ ജാനുവും മെയിൻ്റനൻസ് ട്രിബൂണൽ മുൻപാകെ മകൻ അനൂപ് ശരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നു കാണിച്ചു അപേക്ഷ സമർപ്പിക്കുകയും ഇതേ തുടർന്ന് ജൂലായ് 8 ന് വിചാരണ നിശ്ചയിക്കുകയും ചെയ്തിരുന്നു.

എന്നാൽ മകനോട് വിചാരണക്ക് ഹാജരാകാൻ ടെക്നിക്കൽ അസ്സിസ്റ്റന്റ് ഫോൺ മുഖാന്തിരം ബന്ധപ്പെട്ടപ്പോൾ, സാധിക്കില്ല എന്നും ട്രിബൂണലിന്റെ അധികാരം ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ ട്രിബൂണലിനോട് മകൻ വെല്ലുവിളി നടത്തുകയും ട്രിബൂണലിനെ അധിക്ഷേപിക്കുകയും ചെയ്തു.

തുടർന്നു ട്രിബൂണലിൽ പരാതി തന്നതിനെ ചൊല്ലി അമ്മയെയും അച്ഛനെയും മകൻ ഉപദ്രവിക്കുകയും വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മെയിന്റനന്‍സ് ട്രിബൂണൽ പ്രിസൈഡിംഗ് ഓഫീസർ കൂടിയായ തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ എൻ. കെ കൃപ അനൂപിന് എതിരെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെമിൻ, പാലീസുകാരായ സിറിൽ, സുധീർ, റിക്‌സൺ എന്നിവരുടെ നേതൃത്വത്തിൽ മെക്കാനിക്കൽ എഞ്ചിനിയറായ അനൂപ് (38) നെ അറസ്റ്റ് ചെയുകയും ട്രിബൂണലിന്റെ മുമ്പിൽ ഹാജരാക്കുകയും ചെയ്തു.
തുടർ നടപടികൾക്കായി വിചാരണ നടത്തുകയും നടപടിക്രമം പുറപ്പെടുവിക്കുകയും ചെയ്തു. മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്ക് എതിരെയും നടത്തുന്ന ഗർഹിക അതിക്രമങ്ങൾക്ക് എതിരെ ധ്രുതഗതിയിൽ നടപടികൾ സ്വീകരിക്കുമെന്ന് ആർ. ഡി. ഒ. എൻ. കെ. കൃപ അറിയിച്ചു.