പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍

ആലപ്പുഴ: ഓണത്തിന് പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും കുടുംബശ്രീയും സംയുക്തമായി നടപ്പാകുന്ന പദ്ധതിയിലൂടെയാണ് കുടുംബശ്രീ ജെ.എല്‍.ജി. (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ഗ്രൂപ്പിലെ വനിതകള്‍ ഓണത്തിന് മുന്നോടിയായി ബന്ദിപ്പൂ കൃഷി ചെയ്യുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെയാണ് പൂ കൃഷി.

ഓണത്തിന് വിളവെടുക്കാന്‍ പാകത്തിന് 8500 ബന്ദി തൈകളാണ് പദ്ധതിയ്ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. 30, 000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കൃഷിക്കായുള്ള ബന്ദി തൈകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഗ്രുപ്പുകള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. ഒരു വാര്‍ഡില്‍ രണ്ട് ഗ്രൂപ്പുകള്‍ക്ക് വീതമാണ് കൃഷിക്കാവശ്യമായ തൈകള്‍ നല്‍കുന്നത്. പഞ്ചായത്തില്‍ 23 വാര്‍ഡുകളാണ് ഉള്ളത്. ഓണത്തിന് നേട്ടം കൊയ്യുന്നതിനോടൊപ്പം കനാലുകളുടെയും തോടുകളുടെയും സൗന്ദര്യ വത്ക്കരണമെന്നോണവുമാണ് ചില കാര്‍ഷിക ഗ്രൂപ്പുകള്‍ ബന്ദിപ്പൂ കൃഷി ചെയ്യുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറിയില്‍ മികച്ച വിളവ് നേടാന്‍ കഴിയുന്നത് പോലെ ബന്ദിപ്പൂ കൃഷിയിലും മികച്ച നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി ഓഫീസര്‍ പി. സമീറ പറഞ്ഞു.