ആര്‍ടിഒ ഓഫീസിലെ ഒത്തുകളിയില്‍ ആറായിരം രൂപയ്ക്ക് യൂസഫലിക്ക് ഫാന്‍സി നമ്പര്‍

യുസുഫലിക്ക് ഫാന്‍സി നമ്പറായ KL-01-CA-1 ലഭിച്ചത് കേവലം 6000 രൂപയ്ക്ക് 

ഈ ഒത്തുകളിയില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം 

-എസ്. ശ്രീജിത്ത്-

സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന ലക്ഷങ്ങള്‍ കോടീശ്വരനായ യൂസഫലിക്കുവേണ്ടി ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് ഇല്ലാതാക്കിയത് വിവാദമാകുന്നു. കഴിഞ്ഞമാസം പതിമൂന്നാം തീയതി തിരുവനന്തപുരം റീജിയണല്‍ ട്രാസ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത KL-01-CA-1 എന്ന ബിഎംഡബ്ല്യയൂ കാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് ഈ ഒത്തുകളി നടന്നത്. സാധാരണയായി ഒരു സീരിസിലെ ഒന്നാം നമ്പര്‍ ലഭിക്കുന്നതിന് ലക്ഷങ്ങളാണ് വാഹന ഉടമകള്‍ ലേലത്തിലൂടെ മുടക്കുന്നത്.

എന്നാല്‍ CA സീരിസിലുള്ള ഒന്നാം നമ്പര്‍ യൂസഫലിക്ക് കേവലം ആറായിരം രൂപയ്ക്ക് ലഭിച്ചതാണ് വിവാദമായിരിക്കുന്നത്. ഒരു നമ്പര്‍ ലഭിക്കുന്നതിന് ഒന്നിലധികംപേര്‍ അവകാശവാദമുന്നയിട്ടുണ്ടെങ്കില്‍ ലേലം നടത്തണമെന്നാണ് ചട്ടം. ഈ ഒന്നാം നമ്പറിനു വേണ്ടി യൂസഫലി അടക്കം മൂന്നുപേര്‍ രംഗത്തുണ്ടായിരുന്നു. ആര്‍ടിഒ ഓഫീസിലെ ഒരു പറ്റം ഉദ്യോഗസ്ഥരും അവരുടെ ഇടനിലക്കാരും ചേര്‍ന്ന് ബാക്കി രണ്ടുപേരേയും വിരട്ടിമാറ്റിയെന്നാണ് അറിയുന്നത്.

ysuf-ali-car-details

ഇന്ത്യയിലെ അതിസമ്പന്‍മാരില്‍ ഒരാളായ യൂസഫലിക്ക് വെറും ആറായിരം രൂപയ്ക്ക് ഈ നമ്പര്‍ കിട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് ലക്ഷങ്ങള്‍ നഷ്ടമാണുണ്ടായത്. യൂസഫലിയെ കൂടാതെ ഒരു പോര്‍ഷെകാറിനുടമയായ ഹരിദാസ് കൂടാതെ ഒരു ഇന്നോവാ കാറിന്റെ ഉടമയുമായിരുന്നു CA സീരിസിലെ ഒന്നാം നമ്പറിനു വേണ്ടി രംഗത്തുണ്ടായിരുന്നത്. സാധാരണ ഗതിയില്‍ ഇത്തരം ഫാന്‍സി നമ്പറുകള്‍ക്ക് ലക്ഷങ്ങളാണ് ലേലത്തിലൂടെ സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ടിയിരുന്നത്. തിരുവനന്തപുരത്തെ ചാര്‍ട്ടേട് അക്കൗണ്ടന്റുമാരെല്ലാം പുതി CA സീരിസിലുള്ള നമ്പറുകള്‍ക്കായുള്ള ഓട്ടത്തിലാണ്.

കഴിഞ്ഞ വര്‍ഷം പാല ആര്‍ടിഒ ഓഫീസില്‍ ഈരാറ്റുപേട്ട സ്വദേശി സിറാജ് എന്ന വ്യക്തി തന്റെ ലാന്റ് റോവര്‍ KL-35-G-6666 എന്ന നമ്പര്‍ നാലലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പിടിച്ചത്. സിനിമാ നടനായ പൃഥ്വിരാജ് 2012ല്‍ KL-07-BN-01 എന്ന നമ്പര്‍ 3.56 ലക്ഷം രൂപ നല്‍കിയാണ് ലേലത്തില്‍ പിടിച്ചത്.