എസ്ബിടി-എസ്ബിഐ ലയനം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എസ്ബിടിയെ എസ്ബിഐയുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. കേരളത്തിന്റെ ബാങ്കായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ഇല്ലാതാക്കാനുള്ള ഇപ്പോഴത്തെ നീക്കം ആനാവശ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരിഭാഗം ഇപാടുകളും ഇപ്പോഴും നടക്കുന്നത് എസ്ബിടി വഴിയാണ്. ഇത്തരത്തില്‍ പൊതുസാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന ഈ നടപടി ഒഴിവാക്കണമെന്നാണ് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. എസ്ബിടി-എസ്ബിഐ ലയനത്തിനെതിരെ കോടതിയെ സമീപിച്ച സേവ് എസ്ബിടി ഫോറത്തിന്റെ നിലപാടുകളെ എല്ലാം പിന്‍താങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാന്റെ സത്യവാങ്ങ്മൂലം. 
 
സംസ്ഥാനത്ത്  എസ്ബിടിക്ക് 852 ശാഖകളാണുള്ളത്. എസ്ബിഐക്കുള്ളത് 450 ശാഖയും. 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1177 ശാഖയും 1707 എടിഎമ്മും 14,892 ജീവനക്കാരും 1,60,473 കോടിരൂപയുടെ നിക്ഷേപവും 67,004 കോടിരൂപയുടെ വായ്പകളും എസ്ബിടിക്കുണ്ട്. 36,123 കോടിരൂപ ഇന്‍വെസ്റ്റ്‌മെന്റും 338 കോടിരൂപ അറ്റാദായവുമുണ്ട്. വായ്പ-നിക്ഷേപ അനുപാതം 64 ശതമാനമാണ്. എത് പൊതു മേഖലാ ബാങ്കുകളെ കാളും ഏറെ മുന്നിലാണ് എസ്ബിടി.ഇപ്പോഴത്തെ നീക്കം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷന്‍ 35 പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ്. ബാങ്കിന്റെ ആസ്തികളെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. എസ്ബിഐയുടെ അനുബന്ധബാങ്കായതുകൊണ്ട് തന്നെ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനങ്ങളെ അനുസരിക്കുകയേ നിവര്‍ത്തിയുള്ളൂ. 
 
ആഗോളതലത്തില്‍ മത്സരിക്കാനാണ് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുന്നത് എന്നതാണ് എസ്ബിഐയുടെ നിലപാട്. അപ്പോള്‍ സംരക്ഷിക്കപ്പെടുന്നത് അത്തരക്കാരുടെ ആശയങ്ങളാകും. ഇവിടത്തെ ചെറുകിട വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ വായ്പ്പകള്‍ക്കായി പ്രധാനമായും ആശ്രയിച്ചിരുന്നത് എസ്ബിടിയെയാണ്. ഇനി അത് സാധ്യമാകില്ലന്ന് ഉറപ്പാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായ്പ്പനല്‍കുന്ന ബാങ്കിന്റെ പ്രവര്‍ത്തനം ഇല്ലാതാകുന്നത് നമ്മുടെ സാമ്പത്തികവ്യവസ്ഥയെ മാറ്റിമറിക്കും. കൃഷിക്കായി മാത്രം 9000 കോടി രൂപയുടെ വായ്പയാണ് എസ്ബിടി നല്‍കിയിട്ടുള്ളത്. ആകെ 69,000 കോടി രൂപയുടെ വായ്പ്പയാണ് കേരളത്തില്‍ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ നല്‍കിയിട്ടുള്ള ആകെ വായ്പയുടെ 25 ശതമാനം എസ്ബിടിയുടേതാണ്. എസ്ബിടി ഇല്ലാതാകുന്നതോടെ ഇത് പന്ത്രണ്ടര ശതമാനമായി കുറയും.
 
അതോടൊപ്പം തന്നെ ബാങ്കിന്റെ വിശ്വാസ്യതയിലും തകര്‍ച്ച ഉണ്ടാകും. 2008ലും 2010ലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ തുടങ്ങിയ ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിച്ചിരുന്നു. മെച്ചപ്പെട്ട ബാങ്കിങ്ങ് എന്ന ഓഫറുമായാണ് ഈ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതിന്റെ ഫലമോ, ഈ ബാങ്കുകളെ ഉപേക്ഷിച്ച് 50ശതമാനത്തോളം ഉപഭോക്താക്കളും മറ്റ് ബാങ്കുകളിലേക്ക് ഇടപാട് മാറ്റിയെന്നതായിരുന്നു. ഇതുതന്നെയാകും കേരളത്തിലേയും സ്ഥിതി.
 
ലയനത്തോടെ എസ്ബിടിയുടെ കേരളത്തിലെ 204 ബ്രാഞ്ചുകളും തമിഴ്‌നാട്ടിലെ 52 ശാഖകളും ഇല്ലാതാകും. ഇതോടെ ഇവിടുത്തെ ജീവനക്കാരെ പുനക്രമീകരിക്കും. പല ബ്രാഞ്ചുകളിലായി താല്ക്കാലികാടിസ്ഥനത്തില്‍ ജോലി ചെയ്യുന്നവര്‍ പുറ്ത്താകും. 5000ലധികം  പേര്‍ക്ക് വിആര്‍എസ് നല്‍കി വീട്ടിലിരുത്താനാണ് ഇപ്പോഴത്തെ നീക്കം. ഇതിന് തയാറാകത്തവര്‍ക്ക് സ്ഥലംമാറ്റം ഉറപ്പാണ്. അത് എങ്ങോട്ട് എന്ന് മാത്രം പറയാനാവില്ല. കേരളത്തില്‍ നിന്ന് കാശ്മീര്‍വരെയാകാം ഇത്. ജിവനക്കാരുടെ പ്രതിഷേധം വന്നകാലത്ത് ആരെയും പിരിച്ചുവിടില്ല് എന്നായിരുന്നു എസ്ബിഐയുടെ എം.ഡിയായ അരുന്ധതി ഭട്ടാചാര്യയുടെ വാഗ്ദാനം.എന്നാല്‍ അതൊല്ലാം ലംഘിക്കുന്ന തരത്തിലാണ് എസ്ബിഐയുടെ പുതിയ നീക്കങ്ങള്‍. എന്നാല്‍ തൊഴില്‍ നിയമങ്ങളുടേയും സാമാന്യ നീതിയുടേയും ലംഘനമാണ് ജീവനക്കാര്‍ക്കെതിരെ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.