നിരാലംബരായ മൃഗങ്ങള്‍ക്കു നല്‍കിയ തുണ: വിരമിച്ച സൈനിക ഉദ്യോഗസ്ഥയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

    ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് മേജറായി വിരമിച്ച രാജസ്ഥാനിലെ കോട്ട സ്വദേശി പ്രമീള സിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. കൊറോണക്കാലത്തെ ലോക്ക്ഡൗണില്‍ മേജര്‍ പ്രമീള സിംഗ് (റിട്ട.), അവളുടെ പിതാവ് ശ്യാംവീര്‍ സിംഗ് എന്നിവര്‍ നിസ്സഹായരും നിരാലംബരുമായ മൃഗങ്ങളെ പരിപാലിക്കുകയും അവരുടെ വേദന മനസിലാക്കുകയും അവരെ സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്തതു ചൂണ്ടിക്കാട്ടിയാണു കത്ത്. മേജര്‍ പ്രമിളയും അച്ഛനും അവരുടെ സ്വകാര്യ നിക്ഷേപങ്ങള്‍ ഉപയോഗിച്ചു തെരുവുകളില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കു ഭക്ഷണവും ചികിത്സയും  നല്‍കി. അവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

    ‘കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍, അഭൂതപൂര്‍വമായ സാഹചര്യങ്ങളെ നാം ധീരതയോടെ നേരിട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ആയുസ്സില്‍ മറക്കാനാകാത്ത ഒരു ചരിത്ര കാലഘട്ടമാണ് ഇത്’: പ്രധാനമന്ത്രി എഴുതി. ‘ഇത് മനുഷ്യര്‍ക്ക് മാത്രമല്ല, മനുഷ്യരുടെ ചുറ്റുവട്ടത്തു ജീവിക്കുന്ന നിരവധി ജീവികള്‍ക്കും ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമാണ്. അത്തരമൊരു സാഹചര്യത്തില്‍, നിരാലംബരായ മൃഗങ്ങളുടെ വേദനയെയും ആവശ്യങ്ങളെയും കുറിച്ച് നിങ്ങള്‍ സംവേദനക്ഷമത പുലര്‍ത്തുന്നതും അവരുടെ ക്ഷേമത്തിനായി വ്യക്തിപരമായി പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കുന്നതും അഭിനന്ദനീയമാണ്’.

    അതേസമയം, ഇത്തരം നിരവധി ഉദാഹരണങ്ങള്‍ മനുഷ്യരാശിയില്‍ അഭിമാനം കൊള്ളാന്‍ കാരണമായതായി പ്രധാനമന്ത്രി മോദി കത്തില്‍ പറഞ്ഞു. സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ അവബോധം വ്യാപിപ്പിക്കുക വഴി ആളുകളെ പ്രചോദിപ്പിക്കുന്നത് മേജര്‍ പ്രമിളയും അച്ഛനും തുടരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച മൃഗപരിപാലന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് മേജര്‍ പ്രമീള സിംഗ് പ്രധാനമന്ത്രിക്ക് നേരത്തേ കത്ത് എഴുതിയിരുന്നു. നിസ്സഹായരായ മൃഗങ്ങളുടെ വേദന കത്തില്‍ പ്രകടിപ്പിച്ച അവര്‍ കൂടുതല്‍ ആളുകള്‍ അവയെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും അഭ്യര്‍ത്ഥിച്ചു.