ഐ.എ.എസുകാരെ തള്ളി മുഖ്യമന്ത്രി; അവധി പിന്‍വലിച്ച് ഉദ്യോഗസ്ഥര്‍

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിയെടുപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി. സമരം ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണസിരാ കേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ സമരം ചെയ്യുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇപ്പോഴത്തെ പ്രശ്നം വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരന്വേഷണത്തിലും സര്‍ക്കാര്‍ ഇടപെടില്ല.

നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടക്കണമെന്നതാണ് ഇടതു സര്‍ക്കാരിന്റെ രീതി. മുമ്പും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടുണ്ട്. അതിനെതിരെ വികാരം ഉണ്ടാകാം. എന്നാല്‍ സമരം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ കാണാന്‍ വന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെതിരെയല്ല സമരമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട് അത് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടുത്ത പ്രതികരണം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതോടെ അവധി പിന്‍വലിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് എത്തി. എന്നിരുന്നാലും ഈ ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് ഒരു അവയവും ഉണ്ടാകാനുള്ള സാധ്യതയില്ല. പ്രത്യേകിച്ചും ഇന്നത്തെ പത്രസമ്മേളനത്തിലും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അനുകൂലിച്ച് സംസാരിക്കുകകൂടി ചെയ്തതോടെ. തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന കാഴ്ച്ചപാടിലാണ് ഭൂരിഭാഗം ഐഎഎസ് ഉദ്യോഗസ്ഥരും. നയപരമായ തീരുമാനങ്ങളുടെ പേരില്‍ തങ്ങള്‍ക്കെതിരെ കേസുകള്‍ എടുക്കുന്നതിലാണ് ഐഎഎസ് ഉദ്യോഗസ്തര്‍ക്ക് പ്രതിഷേധമുള്ളത്. സര്‍ക്കാറുമായി തുടരുന്ന നിസ്സഹകരണം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

ഇപ്പോള്‍ തന്നെ ഇടതു സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ മുന്നോട്ട് പോകാത്ത അവസ്ഥയിലാണ്. നയപരമായ തീരുമാനങ്ങളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതുകൊണ്ടു തന്നെ സര്‍ക്കാറിന്റെ ഒരു വകുപ്പിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആകുന്നില്ല. അടിയന്തര ചിക്തസാ സഹായമുള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ കെട്ടികിടക്കുന്ന ഫയലുകള്‍ തന്നെ ഇതിന് സാക്ഷിപത്രമാണ്.

എല്ലാം ശരിയാകുമെന്ന് പറഞ്ഞിട്ടും ഒന്നും ശരിയാകാത്തതില്‍ ഇടതു പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പ്രത്യേകിച്ചും റേഷന്‍ സംവിധാനത്തിലെ പാകപ്പിഴ ഇതുവരെ തിരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സിപിഎം നേതാവ് എം.എം.ലോറന്‍സ് കഴിഞ്ഞ ദിവസം ഭരണത്തിലെ കല്ലുകടിയെ കുറിച്ച് പ്രസംഗിച്ചിരുന്നു. കൂടുതലൊന്നും പറയാന്‍ അദ്ദേഹം തയറായില്ല. എല്ലാം ശരിയാകുമായിരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് അവസാനിപ്പിച്ചു. എന്നാല്‍ ഈ സ്ഥതി തുടര്‍ന്നാല്‍ പൊതുജന മധ്യത്തില്‍ ഈ സര്‍ക്കാര്‍ ഒറ്റപെടുമെന്നുറപ്പാണ്.