എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം: വ്യാപാരികള്‍ ഹൈക്കോടതിയിൽ

ടി പി ആര്‍ കണക്കാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ജി നല്‍കിയത്. നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും, രണ്ട് പ്രളയങ്ങളും കോവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ക്കായി അതിജീവനത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.                                                ടാക്‌സ് ഇളവും കട വാടക നികുതിയും ഒഴിവാക്കണം, കെഎസ്ഇബി കുടിശ്ശിക ഇളവ് ചെയ്യണം, ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കാനായി ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിക്കണം, സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നൽകുകയും ജിഎസ്ടി തിരികെ നല്‍കുകയും ചെയ്യുക അടക്കമുള്ളവ അതിജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.                             ഓഗസ്റ്റ് 2 മുതല്‍ 6 വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.