കണ്ണീർച്ചാൽ വറ്റാതെ പെട്ടിമുടി; പെയ്തിറങ്ങുന്ന ഓർമകളുമായി ഉറ്റവർ

    ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലും കണ്ണുനീര്‍ തോരാതെ പെട്ടിമുടി. ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ചിടത്ത് പ്രാര്‍ത്ഥനകളും ചടങ്ങുകളുമായി ബന്ധുമിത്രാദികളും തൊഴിലാളികളുമെത്തി. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ച്ചാല്‍ ഉണങ്ങിയിട്ടില്ല.പെട്ടിമുടിയുടെ മാനം ഇന്നും ഇരുണ്ടതായിരുന്നു.

    വിഷാദഭാവത്തില്‍ ചാറ്റല്‍മഴ പെയ്തുകൊണ്ടേയിരുന്നു. മഴ വകവയ്ക്കാത ഉറ്റവരെത്തി തുടങ്ങിയതോടെ നിശബ്ദത ഭേദിച്ച് നിലവിളികള്‍ ഉയര്‍ന്നു. കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പൊതു ചടങ്ങ് ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ തന്നെ മതപരമായ ചടങ്ങുകള്‍ നടത്തി. എം എല്‍ എ അഡ്വ. എ രാജയെത്തി ശവകുടീരങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.ത്രിതല പഞ്ചായത്തംഗങ്ങളും മൂന്നാര്‍ ഡി വൈ എസ് പി മനോജ് കുമാറിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘവും രാജമലയിലെത്തി മരിച്ചവരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.കെ ഡി എച്ച് പി കമ്പനി മാനേജിംഗ് ഡയറക്ടര്‍ മാത്യു എബ്രഹാം ഉള്‍പ്പെടെയുള്ള കമ്പനി പ്രതിനിധികളും ഉപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മരിച്ചവരെ സംസ്‌കരിച്ചിടത്ത് കമ്പനി കല്ലറകള്‍ പണികഴിപ്പിച്ച് അടക്കംചെയ്യപ്പെട്ടവരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. എല്ലാവരേയും ഒരേയിടത്ത് തന്നെയാണ് സംസ്‌കരിച്ചിട്ടുള്ളത്.പെട്ടിമുടി ദുരന്തത്തിന്റെ സ്മരണാര്‍ത്ഥം മൂന്നാര്‍ മേഖലയിലെ വിവിധ ഇടങ്ങളിലും മൗനപ്രാര്‍ത്ഥനകള്‍ നടന്നു.