കെ-ഡിസ്‌ക്ക് എംപ്ലോയേഴ്‌സ് പോർട്ടൽ, തൊഴിൽമേള ഉദ്ഘാടനം

കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) എംപ്ലോയേഴ്‌സ് പോർട്ടൽ, യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2021, ജോബ് ഫെയർ എന്നിവയുടെ ഉദ്ഘാടനം 18ന് രാവിലെ 9ന് നടക്കും. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ചടങ്ങ് നടത്തുന്നത്.

ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ എംപ്ലോയേഴ്‌സ് പോർട്ടലിന്റെയും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി വൈ.ഐ.പി 2021ന്റെയും ഉദ്ഘാടനം നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദുവാണ് തൊഴിൽ മേള ഉദ്ഘാടനം ചെയ്യുന്നത്. ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ, ഡോ.ശശി തരൂർ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ എന്നിവർ സംസാരിക്കും. കെ ഡിസ്‌ക്ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർ പേഴ്‌സൺ ഡോ.കെ.എം.എബ്രഹാം സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടർ സജിത പി.പി. നന്ദിയും പറയും. തൊഴിലുടമകളുടെ പോർട്ടലിനെക്കുറിച്ചും വൈഐപി 2021 പദ്ധതിയെക്കുറിച്ചും കെഡിസ്‌ക്ക് മെമ്പർ സെക്രട്ടറി ഉണ്ണികൃഷ്ണൻ വിശദീകരിക്കും.

ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമിൽ ഏകദേശം 35,000 ഉപയോക്താക്കൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംപ്ലോയേഴ്‌സ് പോർട്ടലിന്റെ ഉദ്ഘാടനത്തോടൊപ്പം, ഇവരുമായി തൊഴിലുടമകൾക്ക് ബന്ധപ്പെടാനും ജോലി വാഗ്ദാനം ചെയ്യാനും അവസരമൊരുക്കുന്നതാണ് തൊഴിൽമേള.