”കെ-ട്രാക്ക് ” യുവജന സംരംഭക സഹകരണ സംഘങ്ങള്‍ക്ക് തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന യുവജന സംരംഭക സഹകരണ സംഘമായ കെ-ട്രാക്കിന്റെ താലൂക്ക് തല ഉദ്ഘാടനം കെ. ആന്‍സലന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സംസ്ഥാനത്ത് ആകെ രൂപീകരിക്കുന്ന 25 സഹകരണസംഘങ്ങളില്‍ രണ്ടെണ്ണമാണു നെയ്യാറ്റിന്‍കര മണ്ഡലത്തിലുള്ളത്.

ജില്ലയിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ   യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം  യുവാക്കളില്‍ സംരംഭകത്വ ശീലങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് കെ-ട്രാക്കിനു  രൂപം നല്‍കിയിട്ടുള്ളത്. അതോടൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സേവനമേഖലയെ ഉത്തേജിപ്പിക്കുന്നതിനും കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നു.

കെ-ട്രാക്കിനു  കീഴില്‍ ഇവന്റസ് ആന്‍ഡ് ഡിസൈന്‍സ്, പാക്കിങ്  ആന്‍ഡ് മൂവിങ് , ഇന്‍ഡിജിനിയസ്  ഗ്രോസറീസ് ആന്‍ഡ് പ്രോഡക്ട്സ്, ഫാം ഫ്രഷ്, ഹാന്‍ഡ്‌ലൂം, ടിക്കറ്റിങ്, ഫുഡ് ഡെലിവറി  തുടങ്ങി പത്തോളം  സേവന വിഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ സേവനത്തിനും കീഴില്‍, വിവിധ സേവനദാതാക്കളെയും ഉപഭോക്താക്കളെയും കെ-ട്രാക്ക്  സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ് പ്ലാറ്റഫോമിലൂടെ ബന്ധിപ്പിക്കും.

നെയ്യാറ്റിന്‍കര സര്‍ക്കിള്‍ സഹകരണ യൂണിയന്‍  ഹാളില്‍ നടന്ന പരിപാടിയില്‍ സര്‍ക്കിള്‍ സഹകരണ സംഘം ചെയര്‍മാന്‍ ബി എസ് ചന്തു, നെയ്യാറ്റിന്‍കര അസിസ്റ്റന്റ് രജിസ്ട്രാര്‍ ആര്‍ പ്രമീള, നെയ്യാറ്റിന്‍കര അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് എസ്. വിജയന്‍, യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരായ  എസ് കെ പ്രദീപ്, ബി ഷീജകുമാരി  തുടങ്ങിയവര്‍ പങ്കെടുത്തു