ഇലക്ടിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകണം; മന്ത്രി കെ കൃഷ്ണൻ കുട്ടി

പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാർദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരവും പ്രോത്സാഹനവും നൽകണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ആരംഭിച്ച പൊതു ഇലക്ട്രിക് ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡീസൽ, പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള മലിനീകരണം ഭാവിയിൽ ഭയാനകമായ പരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ ചാർജിങ് സ്റ്റേഷനാണ് കാഞ്ഞിരപ്പുഴയിലേത്.

ഒരേ സമയം മൂന്ന് വാഹനങ്ങൾ ചാർജ്ജ് ചെയുന്ന സംവിധാനങ്ങളോടെ 142 കിലോ വാട്ട് ശേഷിയുള്ള ചാർജിങ് സ്റ്റേഷനാണ് കാഞ്ഞിരപ്പുഴ ഡാം ഗാർഡൻ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചത്. 60 കിലോ വാട്ട് ശേഷിയുള്ള സി.സി.എസ്.  ഗൺ, 60 കിലോ വാട്ട് സി.എച്ച്.എ.ഡി. ഇ. എം.ഒ(CHAdeMO) ഗൺ, 22 കിലോ വാട്ട് ടൈപ്പ് 2 എ.സി എന്നിവ ചേർന്ന മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു യൂണിറ്റിന് 15 രൂപ നിരക്കിലാണ് ഈടാക്കുന്നത്.  മൊബൈൽ അപ്ലിക്കേഷൻ വഴി സ്വന്തമായി ചാർജ് ചെയ്ത് ഓൺലൈൻ പേയ്‌മെന്റ് നടത്തി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണുള്ളത്.

കാഞ്ഞിരപ്പുഴ ഡാം ഇറിഗഷൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ നടന്ന  പരിപാടിയിൽ അഡ്വ. കെ ശാന്തകുമാരി എം.എൽ.എ അധ്യക്ഷയായി. കാഞ്ഞിരപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി രാമരാജൻ, തച്ചമ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.നാരായണൻ കുട്ടി, ജെ.മനോഹരൻ ഇമോബിലിറ്റി സെൽ ഹെഡ്, അനെർട്ട്  ജില്ലാ എൻജീനീയർ പി.പി. പ്രഭ, അനെർട്ട് തൃശ്ശൂർ ജില്ലാ
എൻ ജീനീയർ കെ.വി പ്രിയേഷ് എന്നിവർ സംസാരിച്ചു.