FOLLOW UP: സാം കുഴിക്കാല കുമ്പനാട് കണ്‍വെന്‍ഷനില്‍ പാടാന്‍ സാധ്യതയില്ല

കുഴിക്കാലക്കെതിരെ ജനരോഷം; പരാതികളുമായി വിശ്വാസികള്‍

കുഴിക്കാലയ്ക്ക് പാടാന്‍ അനുമതി നല്‍കിയ ഐ.പി.സി ഭാരവാഹികള്‍ വെട്ടിലായി

ഐ.പി.സിയുടെ ചില ഭാരവാഹികള്‍ പണം വാങ്ങിയാണ് കുഴിക്കാലയ്ക്ക് അനുമതി നല്‍കിയതെന്ന ആരോപണം ശക്തമാകുന്നു 

തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനം നടത്താനൊരുങ്ങുന്നു 

-നിയാസ് കരീം-

പ്രസിദ്ധമായ കുമ്പനാട് പെന്തക്കോസ്ത് കണ്‍വെന്‍ഷനില്‍ തട്ടിപ്പുകാരന്‍ സാം കുഴിക്കാലയെ കൊണ്ട് പാട്ട് പാടിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ദി വൈഫൈ റിപ്പോര്‍ട്ടറില്‍ സാമിനെക്കൊണ്ട് പാടിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ച് വാര്‍ത്ത വന്നതോടെ നിരവധി പേര്‍ ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ സഭാ ആസ്ഥാനത്ത് പ്രതിഷേധവുമായി വന്നു കഴിഞ്ഞു. ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ

ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന കുമ്പനാട് സുവിശേഷ യോഗം ഈ മാസം 15-ന് ഹെബ്രോന്‍  പുരത്ത് ആരംഭിക്കും.

സഭയുടെ കൗണ്‍സിലുള്ള ചില പ്രമുഖരെയും സഭയുടെ തലപ്പത്തുള്ള ഭാരവാഹികളേയും സ്വാധീനിച്ചാണ് കുഴിക്കാല കണ്‍വെന്‍ഷനില്‍ പാടാന്‍ അനുമതി നേടിയത്. പലര്‍ക്കും പണം നല്‍കിയാണ് പാടാന്‍ അനുമതി നേടിയെന്നാണ് ആരോപണം.

നിരവധി സാമ്പത്തിക ക്രമക്കേടുകളില്‍ പ്രതിയായ വ്യക്തിയെ വെള്ളപൂശാനായി ഇത്തരമൊരു വേദി ദുരുപയോഗം ചെയ്യുന്നതിലാണ് യുവജനങ്ങളും പ്രവാസികളും പ്രതിഷേധിക്കുന്നത്. സഭയ്ക്ക് ഇത്രയേറെ അപമാനമുണ്ടാക്കിയ തട്ടിപ്പുകാരനെ പേടിച്ചാണ് ഐ.പി.സിയുടെ പ്രസിഡന്റും സെക്രട്ടറിയും ഇയാള്‍ക്ക് വഴങ്ങിയതെന്നാണ് വിശ്വാസികളുടെ ആക്ഷേപം. മന്ത്രിയുടെയും ഉന്നത പോലീസുദ്യോഗസ്ഥരുടെയും പേരു പറഞ്ഞാണ് ഇവരെ സാംകുഴിക്കാല വിരട്ടുന്നത്. ഈ തട്ടിപ്പുകാരന് അയാള്‍ അവകാശപ്പെടുന്നതു പോലെ പോലീസുദ്യോഗസ്ഥന്മാരുമായോ രാഷ്ട്രീയ നേതാക്കളുമായോ യാതൊരു ബന്ധവുമില്ല. ഐ.പി.സി നേതൃത്വത്തിന് ഇത്തരം കാര്യങ്ങളിലുള്ള അജ്ഞതയാണ് ഇയാള്‍ മുതലെടുക്കുന്നത്.

നിരവധി പെന്തക്കോസ്ത് വിശ്വാസികളെ രാജ്യത്തിനകത്തും പുറത്തും കബളിപ്പിച്ച സാം കുഴിക്കാലയ്ക്ക് പാടാന്‍ അവസരം നല്‍കിയാല്‍ കണ്‍വെന്‍ഷന്‍ പന്തലില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നു. സാമിന്റെ തട്ടിപ്പിനിരയായ അമേരിക്കയില്‍ നിന്നുള്ള നാലഞ്ച് മലയാളികള്‍ നാട്ടിലെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ ഇയാള്‍ക്കെതിരെ പോലീസ് മേധാവിക്കും, ചില ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും ഇതിനോടകം പരാതി നല്‍കിയതായി അറിയുന്നു.

കണ്‍വെന്‍ഷന്റെ പുരോഗതി വിലയിരുത്താനായി കഴിഞ്ഞ ദിവസം സഭയുടെ ഉന്നതാധികാരസമിതികള്‍ യോഗം ചേര്‍ന്ന് സാമിന്റെ പേരിലുള്ള ആരോപണങ്ങള്‍ വിലയിരുത്തിയതായി പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉയര്‍ന്ന ഭാരവാഹി ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലാത്തവയാണെന്നുമൊക്കെ സാം ഐ.പി.സി ഭാരവാഹികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാമിന്റെ വാദങ്ങളെ ആരും മുഖവിലക്കെടുത്തിട്ടില്ല.  kuzhikkala

ഇതിനിടെ ഗള്‍ഫിലും നാട്ടിലുമുള്ള ഐ.പി.സി വിശ്വാസികളുടെ വാട്‌സ്അപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ സാമിന്റെ തട്ടിപ്പിനെക്കുറിച്ച് വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തു വിട്ട വാര്‍ത്തയെക്കുറിച്ച് വന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സാം കുഴിക്കാലയും മകന്‍ ഡെന്നിസും ചേര്‍ന്ന് ചിലരെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ്പിംഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരുവു ഗുണ്ടകള്‍ പ്രയോഗിക്കുന്ന ഭാഷയിലാണ് സാമും മകനും പ്രതികരിക്കുന്നതെന്ന് ദുബായില്‍ നിന്നുള്ള രാജു ചെറിയാന്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ദുബായിലും യു.എസ്.ഐയിലുമായി നിരവധി പേരെ കബളിപ്പിച്ച സംഭവങ്ങള്‍ ഐ.പി.സി നേതൃത്വത്തെ അറിയിച്ചെങ്കിലും ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സഭാ നേതൃത്വം തയ്യാറായിട്ടില്ല.

സഭയിലെ പ്രമുഖ നേതാവിന്റെ ലൈംഗിക പീഡനകഥകളുടെ വിവരം ശേഖരിച്ച് ഇയാള്‍ ബ്ലാക്‌മെയില്‍ ചെയ്താണ് പാടാന്‍ അനുമതി തേടിയതെന്ന വിധത്തില്‍ ചില അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ഇത്രയേറെ ആരോപണങ്ങളും വഴിവിട്ട ജീവിതവും നയിക്കുന്ന കാട്ടുകള്ളന് ചുവപ്പു പരവതാനി വിരിക്കുന്ന ഐ.പി.സി ഭാരവാഹികള്‍ക്കെതിരെ വിശ്വാസികളുടെ രോഷം അണപൊട്ടിയൊഴുകുകയാണ്. സാംകുഴിക്കാലയുടെ തട്ടിപ്പിനിരയായ ഐ.പി.സി വിശ്വാസികളെ പങ്കെടുപ്പിച്ച് ഒരു പത്രസമ്മേളനം തിരുവല്ലയിലോ പത്തനംതിട്ടയിലോ നടത്തുമെന്നറിയുന്നു. അമേരിക്കയില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരെ സംഘടിപ്പിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പത്ത് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് ഇക്കൂട്ടത്തിലുള്ളത്. സാമിന്റെ തട്ടിപ്പിനിരയായ കൊടൈക്കനാല്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഉടമ സാം എബ്രഹാമിനെ കൂടി പത്രസമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്നാണ് അറിയുന്നത്. വ്യാജരേഖയുണ്ടാക്കി കൊടൈക്കനാല്‍ ക്രിസ്ത്യന്‍ കോളേജ് തമിഴ്‌നാട്ടിലെ ഒരു ടെലിവിഷന്‍ ചാനല്‍ ഉടമയ്ക്ക് കുഴിക്കാല വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ സാം എബ്രഹാം സമയോചിതമായി ഇടപ്പെട്ടതു കൊണ്ട് കുഴിക്കാലയ്ക്ക് തട്ടിപ്പ് നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിന്‍ ടി.വി ഉടമ ദേവനാഥന്‍ കുഴിക്കാലയെ വിരട്ടി പണം തിരിച്ചു വാങ്ങിയെന്നാണ് അറിയുന്നത്. കോയമ്പത്തൂരിലെ സ്റ്റാന്‍പ്രോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫില്‍ നിന്നും നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ചില നഴ്‌സുമാരെ അമേരിക്കയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിസാതട്ടിപ്പും നടത്തിയതിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

 

EXCLUSIVE: കുമ്പനാട് കണ്‍വെന്‍ഷനില്‍ തട്ടിപ്പുകാരന്‍ സാം കുഴിക്കാലയുടെ പാട്ട്; പ്രതിഷേധം ശക്തം