കാര്‍ഡ് വഴിയും മദ്യം വാങ്ങാം; അനുമതി കാത്ത് ബെവ്‌കോ

തിരുവനന്തപുരം : ബിവ്‌റേജസ് കോര്‍പ്പറേഷന്‍ മദ്യവില്പന ഹൈടെക്ക് ആക്കുന്നു. നോട്ട് അസാധുവാക്കലിനു ശേഷം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള വാണിജ്യ വിനിമയം ശക്തമായതു മുതലെടുക്കാനാണ് കോര്‍പ്പറേഷന്റെ നീക്കം.

കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രീമിയം കൗണ്ടറുകളില്‍ സ്വൈപ്പിംഗ് മെഷീന്‍ സ്ഥാപിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ (പേ പോയ്ന്റ് ഓഫ് സെയില്‍) വഴി മദ്യം വില്‍ക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ സ്വൈപ്പിംഗ് മെഷീന്‍ സ്ഥാപിക്കാനുള്ള അനുമതിക്കായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും.

നോട്ട് അസാധുവാക്കലിനു പിന്നാലെയാണ് ഇത്തരത്തില്‍ കാര്‍ഡ് വഴിയുള്ള മദ്യവില്പനയ്ക്ക് അനുമതി തേടി ബെവ്‌കോ എക്‌സൈസ് വകുപ്പിനെ സമീപിച്ചത്.

ബെവ്‌കോയുടെ പ്രീമിയം കൗണ്ടറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ഡ് വഴി മദ്യവില്പന അനുവദിക്കുമെന്നാണ് എക്‌സൈസ് വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തുടനീളം പതിനഞ്ചോളം പ്രീമിയം ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോയ്ക്കുള്ളത്. മറ്റുള്ളതു കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലാണ്.

സാധാരണ ഔട്ട്‌ലെറ്റുകളിലെ തിരക്കും സാങ്കേതിക തടസ്സവും മുന്‍നിര്‍ത്തിയാണ് പ്രീമിയം കൗണ്ടറുകളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ഡ് സംവിധാനം കൊണ്ടുവരുന്നത്.

ബെവ്‌കോയ്ക്ക് അക്കൗണ്ടുള്ള ഏതെങ്കിലുമൊരു ബാങ്കുമായി സഹകരിച്ചാകും സൈ്വപ്പിംഗ് മെഷീനുകള്‍ സ്ഥാപിക്കുകയെന്ന് ബെവ്‌കോ അധികൃതര്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിനു ശേഷവും മദ്യവില്പനയില്‍ കാര്യമായ ിടിവു സംഭവിച്ചില്ലെങ്കിലും ഭാവിയിലേക്കുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ കൂടി മുന്നില്‍ക്കണ്ടാണ് പുതിയ സംരംഭത്തിനു തയ്യാറെടുക്കുന്നത്.

കണ്‍സ്യൂമര്‍ ഫെഡിനു കീഴിലുള്ള പ്രീമിയം ഔട്ട്‌ലെറ്റുകളും ഡിജിറ്റല്‍ ഇടപാടുകള്‍ക്കു മുന്നൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ-സംസ്ഥാന പാതയോരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ളവ മാറ്റി സ്ഥാപിക്കുമ്പോള്‍ കൂടുതല്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമാകും ഇത്.