അമിതാഭ് കാന്തിനെ വിമര്‍ശിച്ച് കെ.സി.വേണുഗോപാല്‍ എം.പി.

നോട്ട് നിരോധനത്തേയും ഡിജ്റ്റല്‍ യുഗത്തേയും പ്രകീര്‍ത്തിച്ച് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത് എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് കെ.സി.വേണുഗോപാല്‍ എം.പി. നോട്ട് പിന്‍വലിക്കല്‍ കാരണം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തന്നെ തകര്‍ന്നടിഞ്ഞപ്പോഴാണ് അമിതാഭ് കാന്തിന്റെ മോദി സ്തുതിയെന്ന് വേണുഗോപാല്‍ പരിഹസിക്കുന്നു. ഭരണകൂടത്തേയും ഭരണാധികാരികളെയും വാഴത്തിപാടിയും സ്തുതിഗീതങ്ങള്‍ രചിച്ചും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കുന്ന രാജഭരണകാലത്തെ സമ്പ്രദായം ജനാധിപത്യത്തിന്റെ കാലത്തും അന്യംനിന്നുപോയിട്ടില്ലെന്ന് അമിതാഭാ കാന്ത് തെളിയിച്ചു. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് ആ മാന്യത പോലും കാണിച്ചല്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തുന്നുണ്ട്. നരേന്ദ്രമോദിപോലുംകാണിക്കാത്ത ആവേശമാണ് ് അമിതാഭ് കാന്തിന്റെ ലേഖനത്തിലുള്ളത്. നാലില്‍ മൂന്നുപേര്‍ക്കും ഇന്റര്‍നെറ്റ് അന്യമായ രാജ്യത്ത് പണമിടപാടുകളുടെ ഡിജിറ്റലൈസേഷന്‍ എന്നത് സമീപ ഭാവിയില്‍ അപ്രാപ്യമായ സ്വപ്നം മാത്രമാണ്. രാജ്യത്തിന്റെ തന്നെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം പൊതുമേഖലയില്‍ നിന്നും നഷ്ടപ്പെട്ട് സ്വകാര്യ കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്നതിലും ഇടപാട് നടന്ന കാലത്തെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയായിരുന്ന അമിതാഭിന്റെ നിലപാടറിയാന്‍ ഇതു സംബന്ധിച്ച കേരള സര്‍ക്കാറന്റെ ഫയല്‍ പരിശോധിച്ചാല്‍ മതിയെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം –

ഭരണകൂടത്തേയും ഭരണാധികാരികളെയും വാഴത്തിപാടിയും സ്തുതിഗീതങ്ങള്‍ രചിച്ചും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കുന്ന രാജഭരണകാലത്തെ സമ്പ്രദായം ജനാധിപത്യത്തിന്‍റെ കാലത്തും അന്യംനിന്നുപോയിട്ടില്ലെന്നതിനു തെളിവായി കഴിഞ്ഞ ദിവസം ഒരു ലേഖനം കണ്ടിരുന്നു മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിൽ ( 03 ജനുവരി 2017 ). മോഡി ഭക്തി കൂടിയതു കാരണം സിവിൽ സർവീസിന്റെ അന്തസ്സുപോലും പരിഗണിക്കാതെയാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് കറന്‍സി പിന്‍വലിക്കലിന്‍റെ ഗുണഗണങ്ങൾ ലേഖനത്തിൽ വാഴ്ത്തിപ്പാടുന്നത്. നോട്ട് പിൻവലിച്ചത് മൂലമുള്ള ദുരിതങ്ങളില്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നട്ടെല്ലൊടിഞ്ഞ് കിടക്കുകയാണ്. സമസ്ത മേഖലകളെയും സാമ്പത്തിക അരക്ഷിതാവസ്ഥ പിടികൂടിയിരിക്കുന്നു. പക്ഷെ അതൊന്നും കണ്ടില്ലെന്നു നടിച്ച് നോട്ട് പിന്‍വലിക്കല്‍ നടപടിയെ വെള്ളപൂശാന്‍ യുക്തി രഹിതമായ വാദങ്ങളാണ് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ അമിതാഭ് കാന്ത് നിരത്തുന്നത് . കറന്‍സി പിന്‍വലിക്കലിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറയാന്‍ നരേന്ദ്രമോദിക്കുപോലും ഇത്ര ആവേശമില്ലെന്നതാണ് കൗതുകകരം. കാരണം സ്വാതന്ത്ര്യാനന്തര ഭാരതം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കു തുല്യമായ കെടുതികള്‍ അനുഭവിക്കേണ്ടി വന്ന ഈ നടപടിയില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലാക്കാന്‍ സര്‍ക്കാരിനായിട്ടില്ലായെന്നതുതന്നെ. ബാങ്കുകളില്‍ പണ ലഭ്യത ആവശ്യാനുസരണം ഉറപ്പാക്കാനും എ ടി എമ്മുകളില്‍ പിന്‍വലിക്കല്‍ പരിധി ഉയര്‍ത്താനും ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്നതില്‍ റിസര്‍വ്വ് ബാങ്കിനുപോലും നിശ്ചയമില്ല. നവംബര്‍ 8-മുതല്‍ ഡിസംബര്‍ 30-വരെയുള്ള കാലയളവില്‍ എത്ര കള്ളപ്പണം കണ്ടെടുക്കാനായെന്നതിലോ അസാധു നോട്ടുകളില്‍ എത്ര തിരികെയെത്തിയെന്നോ തിട്ടപ്പെടുത്താന്‍ ധന മന്ത്രാലയത്തിനുമാകുന്നില്ല. ഇതേക്കുറിച്ചൊക്കെ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കുമെന്നു കരുതി അദ്ദേഹത്തിന്‍റെ പുതുവത്സര തലേന്നത്തെ പ്രസംഗം ശ്രദ്ധിച്ചവര്‍ക്ക് പ്രീ ബജറ്റ് പ്രസംഗവും തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങളും കേട്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്നതാണ് വസ്തുത. വീണ്ടു വിചാരവും വിവേകവും ഇല്ലാതെ നടപ്പിലാക്കിയ തീരുമാനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവയുടെ അന്ത്യമായിരുന്നു. പക്ഷേ കൈവിട്ടുപോയ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കടിഞ്ഞാണ്‍ തിരിച്ചു പിടിക്കാനാവാതെ വന്നപ്പോഴത്തെ അടവുനയമാണ് പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കറന്‍സി രഹിത രാജ്യവും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹനവുമെന്നത് നാലില്‍ മൂന്നുപേര്‍ക്കും ഇന്‍റര്‍നെറ്റ് അന്യമായ രാജ്യത്ത് പണമിടപാടുകളുടെ ഡിജിറ്റലൈസേഷന്‍ എന്നത് സമീപ ഭാവിയില്‍ അപ്രാപ്യമായ സ്വപ്നം മാത്രമാണ്. ഡിജിറ്റലൈസേഷന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാവുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഒരു ദിവസം ടെലിവിഷനിലൂടെ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയാല്‍ മാത്രം പ്രായോഗികമാകുന്നതാണോ ഈ സംവിധാനം. ഈ പരിഷ്ക്കാരങ്ങള്‍ക്കൊക്കെ അടിസ്ഥാനമായ ആധാർ പദ്ധതിയെ അതിതീവ്രമായി എതിര്‍ത്ത നരേന്ദ്ര മോദി അതേ ആധാറിനെ തന്നെ ആധാരമാക്കി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ വൈരുദ്ധ്യം ആരും കാണാതെ പോകരുത്.

അടിസ്ഥാന രഹിതമായ അവകാശ വാദങ്ങള്‍ മാത്രമാണ് അമിതാഭ് കാന്തിന്‍റെ ലേഖനത്തിലുള്ളത്. ഇന്ത്യയിലെ 130 കോടി ജനസംഖ്യയില്‍ എത്ര ശതമാനത്തിനാണ് മൊബൈല്‍ ഫോണ്‍ ലഭ്യതയെന്നും എത്ര ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ലെന്നതിന്‍റെ കണക്കും സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കട്ടെ. പിന്നീടാകട്ടെ ഭീം ആപ്പും യു പി ഐ സംവിധാനം വഴിയുള്ള പണമിടപാടും രാജ്യത്ത് എത്ര ശതമാനം ആളുകള്‍ക്ക് പ്രാപ്യമാണെന്നതിന്‍റെ കണക്കുകള്‍ നിരത്തുന്നത്. പേമെന്‍റ് ഡിജിറ്റലൈസേഷന്‍റെ ഗുണഭോക്താക്കള്‍ സ്വകാര്യ കോര്‍പ്പറേറ്റുകളാണെന്നതിന് ആര്‍ക്കും രണ്ടഭിപ്രായമില്ല. പത്തില്‍ എട്ട് ഇടപാടുകളിലും കറന്‍സി ഉപയോഗിക്കുന്ന ഇന്ത്യയില്‍ നോട്ട് അസാധുവാക്കിയതിനുശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ ആയിരം ശതമാനംവരെ വര്‍ദ്ധനയുണ്ടെന്നാണ് മറ്റൊരുവാദം. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും അധിവസിക്കുന്ന 6.4 ലക്ഷം ഗ്രാമങ്ങള്‍ക്കായി പത്തില്‍ ഒന്ന് ബാങ്ക് ശാഖകള്‍പോലും ഇല്ലെന്ന വസ്തുത ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇടനിലക്കാരെ ഒഴിവാക്കുമെന്ന വാദഗതിയും അസ്ഥാനത്താണ്. നടപടിയുടെ ഭാഗമായി ഡിജിറ്റല്‍ പേമെന്‍റ് ഇടപാടുകള്‍ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചു തുടങ്ങി.എസ്‌ബിഐയും എസ്‌ബിറ്റിയുംഉൾപ്പെടെയുള്ള ബാങ്കുകൾ ATM ഇടപാടുകൾക്ക് 23രൂപ വരെയാണ് സർവീസ് ചാർജ് ഈടാക്കുന്നത്. പണം പിൻവലിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ തുക ഈടാക്കാമെന്നതാണ് മോദിജി കാർഡ് ഇടപാടുകളുടെ മറവിൽ ബാങ്കുകൾക്കു ചെയ്തുകൊടുത്തിരിക്കുന്ന വലിയ സഹായം. അഞ്ചുഇടപാടുകൾ കഴിഞ്ഞാൽ ഈ തുക ബാങ്കുകൾ ഈടാക്കും. പാവപ്പെട്ടവന്റെ പോക്കറ്റിൽ കയ്യിട്ടു വാരാനും ജനങ്ങളെ ചൂഷണം ചെയ്യാനും വന്പൻ ബാങ്കുകൾക്ക് അവസരം ഒരുക്കി കൊടുക്കുന്നതാണോ കറൻസി രഹിത രാജ്യം എന്ന സ്വപനം ? കറന്‍സി പിന്‍വലിക്കല്‍ മൂലം സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്നും സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ വിലയിരുത്തമ്പോഴാണ് സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന നീരീക്ഷണം. ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ ബാങ്കിങ്ങ് ബിസിനസ്സ് കൂട്ടി അവരെ സഹായിക്കാനാണ് ശ്രമിക്കുന്നത്. മറിച്ച് സാധാരണക്കാരന് നേട്ടമുണ്ടാക്കാനല്ല.

അമിതാഭ് കാന്തിന്‍റെ ചരിത്രം അറിയാവുന്നവര്‍ക്ക് ഈ വാഴ്ത്തിപ്പാടലില്‍ അത്ഭുതമുണ്ടാവില്ല. രാജ്യത്ത് അസഹിഷ്ണുത കത്തിപ്പടര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറയുന്നവര്‍ ദുഷ്ടലാക്കോടെയാണ് ആ പ്രചരണം നടത്തുന്നതെന്ന പ്രസംഗത്തിന്‍റെ പേരില്‍ ലഭിച്ച സ്ഥാനമാണ് നീതി ആയോഗിന്‍റെ ചീഫ് എക്സിക്യൂട്ടീവ് പദവി. സ്വന്തം കേഡര്‍ സംസ്ഥാനമായ കേരളത്തിലും സമാന രീതിയില്‍ മികവു തെളിയിച്ച ആളാണ് അദ്ദേഹം.
രാജ്യത്തിന്‍റെ തന്നെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം പൊതുമേഖലയില്‍ നിന്നും നഷ്ടപ്പെട്ട് സ്വകാര്യ കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്നതിലും ഇടപാട് നടന്ന കാലത്തെ കേന്ദ്ര ടൂറിസം ജോയിന്‍റ് സെക്രട്ടറിയായിരുന്ന അമിതാഭിന്‍റെ നിലപാടറിയാന്‍ ഇതു സംബന്ധിച്ച കേരള സര്‍ക്കാരിന്‍റെ ഫയല്‍ പരിശോധിച്ചാല്‍ മതി. പദവികള്‍ക്കായി ഏതറ്റംവരെ പോവാനും സിവില്‍ സര്‍വ്വീസിന്‍റെ മാന്യതപോലും നഷ്ടപ്പെടുത്താനും മടിക്കാത്തവര്‍ക്ക് അസത്യപ്രചരണത്തിനു മടിക്കേണ്ടതില്ലയെന്നതാണ് അദ്ദേഹത്തിന്‍റെ ലേഖനം വായിക്കുമ്പോള്‍ മനസ്സിലാകുന്നത്.