വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികൾ നിരീക്ഷിക്കാൻ വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കും: മന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഓരോ ആഴ്ചയിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിക്കും. ആവശ്യമായ നടപടികൾ സ്വീകരിച്ച് കേരളത്തിന്റെ സ്വപ്ന പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖ ആസ്ഥാനത്ത് വിസിൽ ഓഫീസ് ഉടൻ പ്രവർത്തനം തുടങ്ങും.
പാറ ലഭ്യമാക്കുന്നതിൽ വന്ന കാലതാമസമാണ് ബ്രേക്ക് വാട്ടർ നിർമ്മാണം വൈകാൻ കാരണം. പാറയുടെ ലഭ്യത ഉറപ്പു വരുത്തുവാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച തമിഴ്‌നാട് തുറമുഖ മന്ത്രി ഇ.വി വേലുവുമായി ചെന്നൈയിൽ നേരിട്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തിന് പുറത്തു നിന്ന് കല്ലു കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക പ്രശ്‌നങ്ങളും പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങൾ പരിശോധിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡിയായി ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.