ഓണപ്പായസം (കവിത-സുലൈമാൻ പെരുമുക്ക്)

ഓണം വിരുന്നെത്തിടുമ്പൊഴൊക്കെ
ഓർമ്മയിൽ എത്തുന്നു
ആ മുത്തശ്ശി!

മാലാഖ
പോലുള്ളൊരാ മുത്തശ്ശി
മധുരക്കിനാവുകൾ
നെയ്തു തന്നു

മുത്തശ്ശിക്കെന്നെ എന്തൊരിഷ്ടം,
മുത്തേയെന്നു വിളിക്കുമെന്നെ.

പായസവുമായവർ
പതിയേ വരും
പാതിവഴിയിൽന്ന്
വിളി തുടങ്ങും

കേട്ടു ഞാൻ
മുത്തശ്ശിയോടൊരു നാൾ
കഷ്ടപ്പെട്ടെന്തിനു വരുവതിങ്ങ്?

ഞാനങ്ങു വന്നിടാം
മുത്തശ്ശിയേ
പായസം ഒന്നായ്
രുചിച്ചിടാലോ

കഷ്ടമല്ലിഷ്ടമാണീ വരവ്
“കാതു”താ മുത്തേ
കാര്യമോതാം

നായ
പായുന്നിടമാകയാലെ
നായ തൊടുമൊയെന്ന ശങ്കയുണ്ട്

നിന്റെ വിശ്വാസത്തെ
മാനിക്കുവാൻ
നേരത്തെ മുത്തശ്ശി വരികയാണ്

എത്ര മഹത്തരമീ
ചിന്തകൾ,
എന്നും മഹത്തരം
ഈ ചിന്തകൾ!*
———————————-
*വിശ്വാസങ്ങളുടെ പൂജയല്ലാത്ത അലങ്കാരങ്ങൾ
പരസ്പരം മാനിച്ചു കൊണ്ട് പങ്കു വെക്കുന്ന മാതൃകയാണ് മുത്തശ്ശി കാഴ്ചവെച്ചത്, കാലം താലോലിക്കാൻ കൊതിക്കുന്ന ചിന്ത!