ഓണച്ചാർത്ത് (കവിത-ധന്യ ഉണ്ണികൃഷ്ണൻ)

ഓർമ്മയുടെ പച്ചത്തുരുത്തിൽ
ഇടവഴികളുടെ മെലിഞ്ഞ ഉടലിൽ
കുളക്കടവിലെ ഇളകിയ ചെങ്കലിൻ്റ ഇടുക്കുകളിൽ
വയൽ വഴികളിൽ ചാഞ്ഞുറങ്ങുന്ന മൺ ഭിത്തികളിൽ
പുഞ്ചിരി വിടർത്തി നിൽക്കുന്നുണ്ട് നാട്ടുപൂക്കൾ .
ഇതളടർന്ന കാലത്തിൻ്റെ
നിരപ്പലകയിൽ
വിസ്മയ ചിത്രങ്ങളൊഴുക്കി
മറവിയുടെ ആഴങ്ങളിലേക്ക്
അലിഞ്ഞിറങ്ങുമ്പോൾ
കോടി വസ്ത്രത്തിൻ്റെ ഇഴയടുപ്പം പോലെ
പുനർജനിയ്ക്കുന്നുണ്ട് ഓർമ്മ ചാർത്തുകൾ
നാക്കിലയിലെ രുചിക്കൂട്ടുകൾ
അടുക്കിവെച്ച ഓണമോർമ്മകളിലേക്ക്
മധുരം കിനിയുന്നുണ്ട്
നഷ്ട്ടങ്ങളുടെ ശൂന്യ വാഴ്ച്ചയിൽ
ഇന്നലെകൾ പൊട്ടിച്ചിരിക്കുന്നുണ്ട്
ഇന്നിൻ്റെ പ്രകാശ വഴിയിൽ
ഓർമ്മയാവുന്നുണ്ട് ഈ ഓണവും.
ധന്യ ഉണ്ണികൃഷ്ണൻ