കഴുത്തിലേറ്റ മുറിവ് ആഴത്തില്‍, മരണം രക്തം വാര്‍ന്ന്; നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തത്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിന് നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തത്. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോള്‍. സഹപാഠിയായിരുന്നു പ്രതി അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ തന്നെ നിതിനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിനിടെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് അഭിഷേക് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് നിതിനയുടെ മൃതദേഹം പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് മൃതദേഹം സ്വദേശമായ തലയോലപ്പറമ്പ് എത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ച ശേഷം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയാണ് സംസ്‌കാരം നടക്കുക.