കോട്ടയത്തെ സ്‌കൂളിലും വിദ്യാര്‍ത്ഥി പീഡനങ്ങള്‍

കുസൃതി കാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് കടുത്ത ശിക്ഷ, ഉറങ്ങാന്‍ അനുവദിക്കാതെ പീഡനം, മര്‍ദ്ദനവും ഉറപ്പ്

കുട്ടികളെ മാനസിക പ്രശ്‌നങ്ങള്‍ ആരോപിച്ച് വെല്ലൂരില്‍ ചികിത്സയ്ക്ക് അയക്കുന്നതായും ആരോപണം

കോട്ടയം: വിദ്യാര്‍ത്ഥികളെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന എന്‍ജിനീയറിങ് കോളെജുകളുടെ കഥ ഓരോന്നോരാന്നായി പുറത്തുവരുമ്പോള്‍ ഇതൊക്കെ നടക്കുന്നത് കോളെജുകളില്‍ മാത്രമാണെന്ന ധാരണ ആര്‍ക്കും വേണ്ട. പല സ്‌കൂളുകളിലും ഇത് സ്ഥിരം ഏര്‍പ്പാടുതന്നെയാണ്. കുട്ടികള്‍ മികച്ച സ്ഥാപനങ്ങളില്‍ മാത്രം പഠിക്കണമെന്ന രക്ഷിതാക്കളുടെ താല്‍പര്യം നാള്‍ക്കുനാള്‍ കൂടി വരുമ്പോള്‍ ഇത് വാര്‍ത്തകള്‍ പോലുമാകുന്നില്ലെന്ന് മാത്രം.

കോട്ടയത്തെ ഒരു പ്രമുഖ സ്‌കൂളിനെക്കുറിച്ച് ഇത്തരത്തിലുള്ള പരാതികളുടെ പ്രവാഹമാണ്. ലോകം ചുറ്റിക്കറങ്ങാനും, അത് നാട്ടുകാരെ അറിയിക്കാന്‍ സ്വന്തമായി ചാനലുമൊക്കെയുള്ളവരാണ് സ്‌കൂളിന്റെ നടത്തിപ്പുകാര്‍. ചെറുക്ലാസു മുതല്‍ ഫീസ് ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ. ഹോസ്റ്റല്‍ ഫീസും മറ്റ് ഫീസുകളുമൊക്കെ വേറെ നല്‍കണം. വര്‍ഷാവര്‍ഷമുള്ള സ്‌കൂള്‍ ടൂറിന്റെ ചിലവ് മൂന്നും നാലും ലക്ഷമൊക്കെയാണ്. വിദേശങ്ങളിലേക്കാണ് ഈ യാത്രകളൊക്കെ. സമ്പന്നരുടെ മക്കള്‍ മാത്രമേ ഈ സ്‌കൂളില്‍ പഠിക്കാന്‍ കഴിയൂ എന്നര്‍ത്ഥം. പക്ഷെ സ്‌കൂളില്‍ ഒരല്‍പ്പം കുസൃതി കാട്ടിയാല്‍ ആ കുരുന്നിന് കിട്ടുന്ന ശിക്ഷ കടുത്തതാണ്. കുട്ടികളെ ഉറങ്ങാനുവദിക്കില്ല. മര്‍ദ്ദനവും ഉറപ്പ്. ഇതിലും ശിക്ഷ നില്‍ക്കില്ല.

കുട്ടികള്‍ക്ക് മാനസിക പ്രശ്‌നമെന്നാകും മാതാപിതാക്കളെ അറിയിക്കുന്നത്. പിന്നെ മാനസികാരോഗ്യ വിദഗ്ദന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ തുടര്‍ന്ന് പഠിക്കാനാവില്ല. സ്‌കൂളിലെ ഏതെങ്കിലും കുട്ടികള്‍ തമ്മില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടനെ കുട്ടികളെ വെല്ലൂരിലേക്ക് പറഞ്ഞയക്കും. കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ല എന്ന് അവിടുത്തെ മാനസിക രോഗ വിദഗ്ധന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ പഠനം തുടരാന്‍ അനുവദിക്കുകയുള്ളു.

ഇതിനു പുറമെ കുട്ടികളെ മാസത്തിലൊരിക്കല്‍ എറണാകുളത്തുള്ള ചില ആശുപത്രികളിലെത്തിച്ച് ചികിത്സ നടത്താറുണ്ട്. കൃത്യമായ യോഗ്യതകളൊന്നുമില്ലാത്ത സൈക്കോളജിസ്റ്റുകളുമായി സ്‌കൂളധികൃതര്‍ ചില കരാറുകളുണ്ടാക്കിയിട്ടുണ്ട്. ഇതിനായി വര്‍ഷാവര്‍ഷം കനപ്പെട്ട ഫീസും വാങ്ങും. ഇങ്ങനെ അരമുറി ചികിത്സയെ തുടര്‍ന്ന് പല കുട്ടികള്‍ക്കും വിഷാദരോഗമടക്കമുള്ള അവസ്ഥയിലെത്തിയിട്ടുണ്ട്.

പരാതി പറഞ്ഞാല്‍ അത് ഒതുക്കാനും മാനേജ്‌മെന്റിന് മിടുക്കുണ്ട്. ഹോസ്റ്റലിലെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. മികച്ച റിസള്‍ട്ട് വേണമെന്ന പേരില്‍ കടുത്ത ബാലപീഡനമാണ് ഇവിടെ നടക്കുന്നത്. ചെറിയ കുട്ടികളെപ്പോലും അതിരാവിലെ ഉണര്‍ത്തി ഏറെ വൈകി ഉറങ്ങാന്‍ അനുവദിക്കൂ. ഇതിന് ചെറിയൊരു വീഴ്ച വരുത്തിയാല്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുമെന്നും കുട്ടികള്‍ പറയുന്നു. ഇതിലും കഷ്ടമാണ് പാലായിലെ പ്രമുഖ എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രത്തിലെ സ്ഥിതി. രാവിലെ പത്രം ഒന്നു മറിച്ചു നോക്കിയാല്‍ ഫൈനാണ്.

പാഠ്യ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളല്ലാതെ മറ്റൊന്നും വായിക്കരുതെന്നാണ് നിബന്ധന. കുട്ടികളുടെ ബുദ്ധി തെളിയിക്കാന്‍ ഇവിടെ ചില പ്രത്യേക തെറാപ്പികളും ഉണ്ട്. പലപ്പോഴും കുട്ടികളുടെ ഓര്‍മ്മപോലും നഷ്ടപ്പെടുന്നത്ര കഠിനമായ തെറാപ്പികളാണ് ഈ സ്ഥാപനനത്തിന്റെ സ്വന്തം ഹോസ്റ്റലില്‍ വച്ച് അരങ്ങേറുന്നത്.