തലസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര പീഡനം

മലയാളത്തില്‍ സംസാരിച്ചാല്‍ ഫൈനും മര്‍ദ്ദനവും

തിരുവനന്തപുരം : തലസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധികൃതരുടെ പീഡനം. വിദ്യാര്‍ത്ഥികളെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളുടെ കഥ ഓരോന്നോരോന്നായി  പുറത്തു വരുമ്പോള്‍, ഇതൊക്കെ നടക്കുന്നത് കോളേജുകളില്‍ മാത്രമല്ല, തലസ്ഥാനത്തെ പല സിബിഎസ്.ഇ സ്‌കൂളുകളിലും ഇത് സ്ഥിരം ഏര്‍പ്പാടു തനന്നെയാണ്.

കുട്ടികള്‍ മികച്ച സ്ഥാപനങ്ങളില്‍ മാത്രം പഠിക്കണമെന്ന രക്ഷിതാക്കളുടെ താല്‍പര്യം കൂടി വരുമ്പോള്‍ ഇത് വാര്‍ത്തകള്‍ പോലുമാകുന്നില്ലെന്ന് മാത്രം. തലസ്ഥാനത്തെ ഒരു പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിനെക്കുറിച്ച് ഇത്തരത്തിലുള്ള പരാതികളുടെ പ്രവാഹമാണ്.

മത സമുദായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇത് നടക്കുന്നത്. എല്‍.കെ.ജി മുതല്‍ വന്‍ ഫീസാണ് ഇവിടെ ഈടാക്കുന്നത്. ഹോസ്റ്റല്‍ ഫീസും മറ്റ് ഫീസുകളുമൊക്കെ വേറെ നല്‍കണം. സ്‌കൂളുകളില്‍ മലയാളത്തില്‍ സംസാരിച്ചാല്‍ കുരുന്നുകള്‍ക്ക് കിട്ടുന്ന ശിക്ഷ കടുത്തതാണ്. കസേരയില്‍ നിന്നു വീണപ്പോള്‍ കുട്ടി ‘അയ്യോ” എന്നു പറഞ്ഞ കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചിരുന്നു.

കുട്ടികളെ ഉറങ്ങാനനുവദിക്കില്ല. മര്‍ദ്ദനവും ഉറപ്പ് . പരാതി പറഞ്ഞാല്‍ അത് ഒതുക്കാനും മാനേജ്‌മെന്റിന് മിടുക്കുണ്ട്. ഹോസ്റ്റലിലെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. മികച്ച റിസള്‍ട്ട് വേണമെന്ന പേരില്‍ കടുത്ത ബാലപീഡനമാണ് ഇവിടെ നടക്കുന്നത്. ചെറിയ കുട്ടികളെപ്പോലും അതിരാവിലെ ഉണര്‍ത്തി ഏറെ വൈകിയേ ഉറങ്ങാന്‍ അനുവദിക്കൂ.

ഇതിന് ചെറിയൊരു വീഴ്ച വരുത്തിയാല്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുമെന്നും കുട്ടികള്‍ പറയുന്നു. പാഠ്യവിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളല്ലാതെ മറ്റൊന്നും വായിക്കരുതെന്നാണ് നിബന്ധന. കുട്ടികളുടെ ബുദ്ധി തെളിയിക്കാന്‍ ഇവിടെ ചില പ്രത്യേക തെറാപ്പികളും ഉണ്ട്. പലപ്പോഴും കുട്ടികളുടെ ഓര്‍മ്മ പോലും നഷ്ടപ്പെടുന്ന കഠിനമായ തെറാപ്പികളാണ് ഈ സ്ഥാപനത്തിന്റെ സ്വന്തം ഹോസ്റ്റലില്‍ വച്ച് അരങ്ങേറുന്നത്. പണം സമ്പാദിക്കുക എന്നല്ലാതെ ഈ സ്‌കൂളുകള്‍ക്ക് യാതൊരു വിധത്തിലും ഉള്ള ധാര്‍മ്മികതയും തൊട്ട് തീണ്ടിയിട്ടില്ല.