അടിവയറ്റിൽ ചിതലൊരുക്കുന്ന സ്മാരകങ്ങൾ (കവിത -ജംഷിദ സമീർ)

ഴയെപ്പേടിയുള്ള
മുത്തശ്ശനും മുത്തശ്ശിയും
പാത്തും പതുങ്ങിയും
ആകാശവാതായനങ്ങൾ
തുറന്ന്
മലഞ്ചെരിവ് നോക്കി
നെടുവീർപ്പിടുന്നു,

തറയോട് ചേർന്ന് നീലയും
പകുതി വെള്ളയും പൂശിയ
വീട്ടു വരാന്തയിൽ
ആറ് വയസ്സുള്ള പെൺകുട്ടി
കമഴ്ന്നു കിടന്ന്
കാലുകളാട്ടിക്കൊണ്ടങ്ങനെ
ചിത്രം വരക്കുന്നു

ചുറ്റിലും ചിതറിക്കിടക്കുന്ന പെൻസിലുകളും
ബ്രഷും,
സമ്മാനമായിട്ടമ്മ
കൊടുത്ത വാട്ടർകളർ
നെഞ്ചോട് ചേർത്ത്,
തുടുത്ത കവിളുകളിൽ
പൂമ്പാറ്റകൾ മുത്തമിട്ടുപോം,

പൊടുന്നനെ
ആകാശവാതിലുകളിൽ
കാർമേഘങ്ങളടിയുന്നു
റബ്ബർകാടുകളിൽ
ശീതക്കാറ്റ്!
ആക്കം കൂടുമ്പോൾ
കൊമ്പുകളിരമ്പുന്നതും
കനത്തയൊച്ചകളും,

പൊന്തകളിൽ
ഉണക്കാനിട്ടത് പെറുക്കി-
ക്കൂട്ടുമ്പോളമ്മ
പെൺകുട്ടിയോടകത്ത്
കയറാൻ പറയുന്നു,

ചിത്രം വരച്ച് തീരട്ടെയെന്ന്
പറയവെ
വരച്ചു തെറ്റിച്ച ചിത്രങ്ങളൊക്കെ
ഇയ്യാംപാറ്റകളായി
ജീവിക്കുന്നു
ജീവനറ്റ് പോകുന്നു

മുറുകെപ്പിടിച്ച
വരച്ചു തീരാത്ത ചിത്രം
കാറ്റേറ്റ് വിറക്കുന്നു

താഴ്‌വാരത്ത്
കുഞ്ഞു വീട്
അതേ ചായങ്ങൾ
മുന്നിൽ കൈകോർത്ത്,
നടുവിൽ പെൺകുട്ടി
കറുപ്പുടുപ്പ്
വലത് വശത്തച്ഛൻ
വെള്ളപ്പാന്റ് കറുത്ത കുപ്പായം
ഇടത് വശത്തമ്മ
ചുവന്ന ജാക്കറ്റും കറുത്ത സാരിയും
പിന്നിലൊരു കുന്ന്,
നിറം കൊടുത്തിട്ടില്ല
എല്ലാ ചിത്രത്തിലേയും പോലെ സൂര്യൻ നടുക്ക്,

ഇറയത്തെ വളയിൽ
തൂങ്ങിയാടുന്ന
ചട്ടിയിൽ പ്രസരിപ്പുള്ള
ട്ടർട്ടിൽ വൈൻ,
ചാരുപടിയിൽ
വെള്ളത്തിലിട്ട നിറങ്ങളിലുള്ള
ചെടികളൊക്കെ
കുഞ്ഞു ഭാവനയിൽ
തൂങ്ങിയാടുന്നു

മേഘങ്ങൾ കൂട്ടിമുട്ടി
കോലാഹലങ്ങൾ
അഗ്നിശിഖ ശിഖരങ്ങളിലിറങ്ങി
കുന്നിന്റെ വേരോളമിറങ്ങി
ശീഘ്രം….

കിതച്ചു കൊണ്ടച്ചൻ
ബൈക്കിൽ വരുമ്പോൾ
ദൂരെ നിന്നേ വിളിച്ചു
പറയുന്നതവളോട്
അകത്ത് കയറാനാണ്

പ്രോത്സാഹനമായി
കവിളിലൊരുമ്മ കൊടുക്കാൻ
അകത്തു കയറിയിട്ടില്ല,
ധൃതിയിൽ വെച്ചുനീട്ടുന്നു
മനോഹരമായി
പൊതിഞ്ഞ പൊതിയൊന്നിൽ
ബ്ലാക്ക്ഫോറെസ്റ്റ്
മറ്റൊന്നിൽ
ചുവന്ന കുഞ്ഞുടുപ്പ്
ചിത്രമെന്നിട്ടും
നിലത്തുവെച്ചിട്ടില്ല

മഴകുടിപ്പിച്ച
ദഹനക്കേട്
മല ഓക്കാനിച്ചു
ദഹിക്കാത്ത
പാറക്കഷ്ണങ്ങൾ
കൊഴുത്തപിത്തം
ചെറുകുടൽ മുതൽ
വൻകുടൽ വരെ
ഛർദ്ദിച്ചു

വരച്ച ചിത്രം
മൂന്ന് കഷ്ണങ്ങളാക്കി
കീറിപ്പറിച്ച്
കോർത്ത കൈവിരലുകൾ
മൂന്ന് വഴിക്കെടുത്തെറിഞ്ഞു

ദ്യോവിന്റെ അങ്കമവസാനിക്കുമ്പോൾ
കിളിവാതിലുകളിലൂടെ
ഏന്തി നോക്കുന്നു,
മഴയെപ്പേടിയുള്ളവർ

ഇല്ല!
ഇപ്പോളവർക്ക്
പെൺകുട്ടിയേയും
മലഞ്ചെരുവിലെ വീടുകളൊന്നും
കാണുന്നില്ല!

മാറിടം അറുത്തെടുത്തിട്ടുണ്ടാരോ?
ആകമാനം ചോര!
ഗ്രന്ഥികളിൽ ചുരത്താതെ
സൂക്ഷിച്ച പാല്
തിളച്ചുമറിയുന്നത്
കാണാം,
ഭീമൻപ്ലാവിന്റെയും
വലിയ മരങ്ങളുടെയുമൊന്നും
ഉച്ചിയിലെ
ഇലകൾ പോലുമില്ല,

അവളിപ്പോൾ
പിണക്കത്തിലായിരിക്കും,
കൊഴുത്ത ചെളിയുടെ
കഫൻപുടവ
മേല്
മൂടുമ്പോഴും
പിറന്നാൾ സമ്മാനമായ
ചോപ്പുടുപ്പ്
മുറുകെപിടിച്ചിട്ടുണ്ടാവും,
ചിത്രം
കീറിക്കളഞ്ഞതിന്
പാറക്കല്ലുകളോടുള്ള കുറുമ്പ്
ചുണ്ടുകളിൽ കൂർത്തു
നിൽക്കുന്നുണ്ടാവും

മണ്ണിനടിയിലേക്ക്
റൂഹെടുക്കാൻ വരുമ്പോൾ,

“വരൂല ഞാൻ…
മിണ്ടൂല ഞാൻ
നിന്നെയെനിക്കിഷ്ടമില്ല”

“ന്റെ പുത്തനുടുപ്പ് കീറീലെ ”

“ന്റെ കേക്കിലൊക്കെ മണ്ണാക്കീലേ ”

“വാട്ടർ കളറൊക്കെ….. ”

ചുണ്ടിൽ നിന്ന്
ജീവനറ്റുപോവുമ്പോഴും
ഇത്ര മാത്രം പറഞ്ഞു കൊണ്ടവൾ
അവസാനിക്കുകയാവും

അച്ഛന്റെ കൈകളിലേക്കും
അമ്മയുടെ മാറിടത്തിലേക്കും
പടരാൻ തുടങ്ങുന്നൊരു
വേരായിട്ടുണ്ടാവും

മൂന്നായി കീറിയ ചിത്രം
ഒറ്റചിതലിന്റെ
കുഞ്ഞുവയറ്റിൽ
ഒട്ടിച്ചു വെക്കുന്നുണ്ടാവും
കറുത്ത ചായം പടർന്ന്
ചുണ്ടുകളിലെ
ചിരി മാഞ്ഞിട്ടുണ്ടാവും,
എന്നെന്നേക്കുമായി
സൂര്യനസ്തമിച്ചിട്ടുണ്ടാവും

തൊലിയടർന്ന
അസ്ഥികളിലേക്ക്
കുഞ്ഞുടുപ്പിന്റെ
ചുവന്ന നൂലുകൾ
വഴി തിരയുന്നുണ്ടാവും

കണ്ണുകളിലവളുടെ
ചിത്രത്തിന്റെ’
പ്രതിബിംബവുമായച്ഛൻ
ബൈക്കിൽ നിന്നിറങ്ങിയിട്ടുണ്ടാവില്ല

അമ്മയുടെ കണ്ണുകളിൽ
ഒളിപ്പിച്ചു വെച്ച
അവരുടെ ചിരിച്ച
മുഖങ്ങൾ,
മണ്ണ് പൊത്തിപ്പിടിച്ചിട്ടുണ്ടാവും
വായും മൂക്കുമടച്ച്
ശ്വാസം മുട്ടിച്ച്….

ചിതലൊരുക്കുന്ന
സ്മാരകങ്ങൾ
മണ്ണിനടിയിൽ
ചിത്രത്തിലേതു പോലെ
കൈ കോർത്തു നിൽക്കുന്നുണ്ടാവും

മാനം തെളിയുമ്പോളൊക്കെ
ഏഴാനാകാശമിറങ്ങി വന്ന്
മുത്തശ്ശനും മുത്തശ്ശിയും
മണ്ണിനടിയിൽ
നിന്നെപ്പോഴെങ്കിലും
ഭൂമിയുടെ വാതിൽ തുറക്കുന്ന
പെൺകുട്ടിയെ
കാത്തു നിൽക്കുന്നതാവണം

ജംഷിദ സമീർ