വിളി (കഥ -നിഥിൻകുമാർ ജെ പത്തനാപുരം )

ശേഖരൻ തന്റെ കൈലിയൊന്ന് തട്ടുടുത്ത് ബാറിന്റെ അകത്തേക്ക് കയറി. ബാറിൽ നല്ല തിരക്കുണ്ട്. വൈകുന്നേരമല്ലേ, തിരക്ക് കാണാതെയിരിക്കുവോ? ഉച്ചകഴിഞ്ഞപ്പോൾ വീട്ടിൽ നിന്നുമിറങ്ങിയതാ.
‘ഒരു സ്വസ്ഥതയില്ലാത്ത ജന്മം തന്നെ, നാശം!’

ഇന്നത്തെ ദിവസത്തേപറ്റിയൊന്നു ഇരുത്തിചിന്തിക്കാനുള്ള നേരമായി ശേഖരന് തോന്നി.
ശേഖരൻ തന്റെ വിധിയെ പഴിചാരി.

**
വീട്ടിൽ നിന്നും ഇറങ്ങിയ ശേഖരൻ ജംഗ്ഷനിൽ ഒന്ന് കറങ്ങി. ഉച്ചനേരമായതിനാൽ വലിയതിരക്കൊന്നും ജംഗ്ഷനിൽ ഉണ്ടായിരുന്നില്ല. അല്ലേൽ ഈ പട്ടികാട്ടിലെ ജംഗ്ഷനിൽ എന്ത് തിരക്ക്?
ശേഖരൻ ഒരു പെട്ടിക്കടയിൽ നിന്നും ഐസ് ഇടാത്ത ഒരു നാരങ്ങാവെള്ളം മധുരം അല്പം കൂടുതലിട്ട് കുടിച്ചു. കടയോട് ചേർന്നൊരു ചെറിയ ബെഞ്ച് കിടപ്പുണ്ട്., പതിവായി വൈകുന്നേരങ്ങളിലും പുലർകാലത്തും ഇവിടെ വന്നിരുന്ന് ഒരു സിഗരറ്റ് വലിക്കാറുള്ളതാണ്. കാലത്ത് മാത്രം പതിവുകാർക്കായി കടക്കാരൻ മുഹമ്മദ്‌ മുസ്തഫ ചായയുണ്ടാക്കും. ചായയെന്നു പറയാൻ ഒക്കുവോ? പാലില്ലാത്ത ചായ. ചിലർ അതിന് കടുംചായ, കട്ടൻചായ, തേയിലവെള്ളം എന്നൊക്കെ പറയാറുണ്ട്. പല നാട്, പല പേര്. ഗുണത്തിലെല്ലാം ഒന്നുതന്നെ,ശേഖരന് പാലോഴിച്ചത് മാത്രമാണ് ചായ.
കഴിഞ്ഞ കുറച്ചു ദിവസമായി ശരീരം വേണ്ടപോലെ പെരുമാറുന്നില്ല അതുകൊണ്ട് തന്നെ പുറത്തേക്ക് കഴിഞ്ഞകുറച്ചു ദിവസമായി ശേഖരൻ പുറത്തേക്കിറങ്ങിയില്ല. അല്ലേൽ തന്നെ തനിക്ക് സ്വസ്ഥതയില്ല. കല്യാണം കഴിഞ്ഞ ആദ്യപകലിന് ശേഷം സ്വസ്ഥത തന്റെ പഴയ ഓടിട്ട വീടിന് പരിസരത്തുകൂടെ പോയിട്ടില്ല എന്നതാണ് വാസ്തവം. വർഷം മുപ്പത്തിമൂന്നു കഴിഞ്ഞു. സ്വസ്ഥതയില്ലായിമയ്ക്കിടയിൽ മക്കൾ അഞ്ചയി. എങ്ങനെയോ എന്തോ?മക്കൾ അഞ്ചും അഞ്ച് രാജ്യത്തേക്ക് പറന്നുപോയിട്ട് വർഷം ഇപ്പോ അഞ്ചായി.മക്കൾ പോയതിൽ പിന്നെ താൻ ഒരു ഏകാന്തവാസിയായി മാറിയെന്ന് ശേഖരന് തോന്നിയിരുന്നു.
അതുവെറും തോന്നലായിരുന്നു.
‘നാശം അവളുടെ വിളി.. ഇതാണ് സഹിക്കാൻ പറ്റാത്തത്!
എന്റെ ഭാര്യ കവിത, ഈ ഫോൺ എന്ന ഘാതഖൻ ഈ ചെറുഗ്രാമത്തിൽ വന്നുതുടങ്ങിയ സമയം, അറിഞ്ഞോ അറിയാതെയോ വാങ്ങിപോയി. അന്ന് തുടങ്ങി ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥ, അതിന് മുന്നേ സ്വസ്ഥതയില്ല. അപ്പോഴേക്കെ പുറത്തേക്കിറങ്ങിയ അല്പം ആശ്വാസമായിരുന്നു.കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ അവൾ എന്നെ സംശയിച്ചുതുടങ്ങിയതാ, നാശത്തിന് തന്നെ സംശയിക്കാൻ പ്രേത്യേകിച്ചു കാരണമൊന്നും വേണ്ടിയിരുന്നില്ല. പുറത്തിറങ്ങി അഞ്ച് മിനിറ്റ് വൈകിയാൽ ആ ദിവസം പോയികിട്ടും,പെൺപെറന്നോളിന്റെ രുദ്ര താണ്ഡവമായിരിക്കും.വലിക്കാൻ പാടില്ല, കുടിക്കാൻ പാടില്ല, ഒന്ന് മുറുക്കാനും പാടില്ല,’

ഒരു ദിവസം കക്കൂസിൽ നിന്നും ഇറങ്ങാനായി ഒരല്പം വൈകി. ഉടനെ വിളി വന്നു. അന്ന് അല്പം അരിശത്തോടെ ചിലതൊക്കെ ശേഖരൻ പറഞ്ഞു.

ആകെ മനുഷ്യന് പത്തുമിനിറ്റ് ആശ്വാസം കിട്ടുന്നത് കക്കൂസിലാണ്. ആശ്വാസം സൗജന്യമായി ലഭിക്കുന്ന ആകെയൊരിടം. (ഇന്ന് അതും സൗജന്യമല്ല.)
‘അവിടെയും ഇവളുടെ ‘വിളി ‘, ഹോ.. സഹിക്കാൻ പറ്റത്തില്ല!’

‘അമ്മയുടെ സംശയരോഗം മക്കൾ അഞ്ചും നന്നായി ആസ്വദിച്ചിരുന്നു. താനൊരു കോമാളിയായി അവരുടെ അമ്മക്ക് മുന്നിൽ കിടന്ന് തുള്ളുന്നത് കാണാനൊക്കെ ഒരു രസമാണ്. ‘ചാടി കളിക്കട ശേഖര ഓടി കളിക്കട ശേഖര ഇനി താൻ ന്തേലും തിരികെ പറഞ്ഞാലോ. അന്ന് പട്ടിണിയാണ്. എന്റെ ഭാര്യയല്ല. ഞാൻ. പാചകം ലവലേശം എനിക്ക് നിച്ഛയമില്ല.’

‘ഒരു സിഗരറ്റ് കൂടി.’
മുസ്തഫയോട് ശേഖരൻ ചോദിച്ചു. മുസ്തഫ സിഗരറ്റ് എടുത്ത് നൽകേണ്ട താമസം, ആർത്തിയോടെ, കൊതിയോടെ ചുണ്ടത്തു വെച്ചൊന്നു കൊളുത്തി ആസ്വദിച്ചകത്തേക്ക് പുകകയറ്റി പുറത്തേക്ക് പതിയെ വിട്ടുതുടങ്ങി.
‘ഇത്രയും കൊതിയോടെ പൊക വലിച്ചുകേറ്റുന്ന ഒരു പഹയനെ അടുത്തകാലത്തൊന്നും നമ്മള് കണ്ടിട്ടില്ല ‘
മുസ്തഫ ആത്മഗതം പറഞ്ഞു.

ശേഖരന്റെ കാതിൽ മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം മുഴങ്ങി. അയാളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.
‘നാശം.’
ശേഖരൻ പാതി വലിച്ച സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു. ശേഷം പുകയെല്ലാം തട്ടി നീക്കുവിതം കൈകൾകൊണ്ട് ചില കോപ്രായങ്ങൾ കാട്ടിയൊരു കുട്ടിയെപ്പോലെ ഫോൺ എടുത്തു.

‘ഹെലോ… ഞാൻ ജംഗ്‌ഷനിൽ നിപോണ്ട്…. വരുവാ.. ങ… ഒരാളെ കാത്തുനിക്കുവാ…. ഉടനെ വരാം.’
ശേഖരൻ കാൾ കട്ട് ചെയ്തു. മുസ്തഫ അയാളെ കൗതുകത്തോടെയൊന്ന് നോക്കി. ഇയാൾ ഇത് ആരോടാണ് സംസാരിക്കുന്നത് എന്നൊരു സംശയം ആകാം കൗതുകത്തിനു കാരണം.

ശേഖരൻ പോക്കറ്റിൽ നിന്നും സിഗരറ്റിന്റെ പണം നൽകി ധൃതിയിൽ നടന്നു. സമയം വൈകുന്നേരമായി കഴിഞ്ഞിരുന്നു. ശേഖരന്റെ മുഖത്ത് പരിഭ്രമമൊ ഭയമോ എന്തെല്ലാമോ വന്നും പോയും നിന്നു. തന്റെ കൈയ്ലെ വാച്ചൊന്നു നോക്കി. അഞ്ചു മണി കഴിഞ്ഞിരുന്നു.
‘അയ്യോ!മുസ്തഫയുടെ കടയിൽ ചിന്തിച്ചിരുന്നു സമയം വൈകി.’
ശേഖരന്റെ കാതിൽ വീണ്ടും ഫോൺ ശബ്ദം. അയാൾ ആകെ തളർന്നിരുന്നു. പെട്ടെന്ന് അയാൾക്കൊരു ധൈര്യം വന്നപോലെ…

ശേഖരൻ ഫോണെടുത്തു.
‘ഇല്ല….. വരാൻ വൈകും.’
അയാൾ ഫോൺ കട്ട് ചെയ്തു.
ഈ മുന്ന് വാക്കുപറയാനായി മുന്ന് തവണയാണ് ഫോണെടുക്കാതെ ശേഖരൻ ചിന്തിച്ചുനിന്നത്.

‘ഇത്രയും വർഷമായില്ലേ, ഇനിയെങ്കിലും തനിക്കൊരു മോചനം വേണ്ടേ. ഇന്ന് അതോനൊരു തീരുമാനം ഉണ്ടാക്കണം.’
ഇത്തരത്തിൽ പലതവണ ശേഖരൻ ചിന്തിച്ചിരുന്നു. എന്നിട്ട് എന്തായി.’.വിളി ‘വരുമ്പോൾ മിണ്ടാട്ടം മുട്ടും, മുട്ട് വിറയ്ക്കും പോലെ തോന്നും. പലതവണയെടുത്ത തീരുമാനാമെല്ലാം മുങ്ങിപോയിരുന്നു. വീണ്ടും തീരുമാനം ശേഖരനെടുത്തു. അഞ്ചുവർഷം മുൻപ് മക്കളഞ്ചും വിദേശത്തേക്ക് കൂടുമാറി പറന്നപ്പോൾ ശേഖരന് നിരാശതോന്നിയെന്നത് സത്യമാണ്. തന്നെ തനിച്ചാക്കി ഈ നരകത്തിൽ ഇട്ടേച്ചും പോകുന്നല്ലോ എന്ന ചിന്തയായിരുന്നു കുറച്ചുകാലം. പിന്നെ മക്കൾ വല്ലപ്പോഴും വിളിക്കുന്നത് മാത്രമാണ് ഈ ദുരന്തജീവിതത്തിൽ ഒരല്പം ആശ്വാസം.
‘തന്നെയീ നശിച്ച ഭൂമിയിൽ നിന്നൊന്ന് വിളിച്ചൂടെയെന്നൊരായിരം തവണ ശേഖരൻ തന്റെ കോടികണക്കിന്‌ വരുന്ന ദൈവങ്ങളോട് പറഞ്ഞുകഴിഞ്ഞു..
‘അവളുടെ ഒടുക്കത്തെ വിളി, സഹിക്കാൻ വയ്യ.പുറത്തിറങ്ങാതെയിരിക്കാനും കഴിയില്ല. വീട്ടിലിരുന്നാൽ ഒരു ശ്വാസംമുട്ടലാണ്.
റിട്ടേഡയിട്ട് നാല് വർഷമായി. നാലുവർഷമായി വീട്ടിൽ തന്നെ, ഇടക്കിടക്ക് ഇങ്ങനെയൊന്ന് പുറത്തേക്കിറങ്ങും.’
‘ഇന്ന് എന്തായാലും ഒരു തീരുമാനമുണ്ടായേ തീരു. മൊബൈൽ കണ്ടുപിടിച്ചത് ഏത് തന്തയില്ലാത്തവനായാലും ശരി അവൻ പണ്ടാരമടങ്ങിപോകണെ ന്റെ കോടിദൈവങ്ങളെ.!’
‘മൊബൈൽ എടുക്കാതെയിരുന്നാൽ അതും പ്രശ്നം. സ്വിച്ച് ഓഫാക്കിയാൽ അതും വിഷയം, എങ്ങാനം ചാർജ് തീർന്നാലും പ്രശ്നം തന്നെ പ്രശ്നം. നാശകോടാലി.’
ശേഖരൻ ധൈര്യമായി തീരുമാനമെടുത്തു. അയാൾ നേരെ ടൗണിലേക്ക് ഒരു ഓട്ടോറിക്ഷ പിടിച്ചു.
‘മത്തായി ബാർ ‘
ശേഖരൻ ഓട്ടോറിക്ഷകാരൻ ചെറുക്കനോട് പറഞ്ഞു.
പയ്യൻ ഒന്ന് ചിരിച്ചു.
‘ഇളിക്കാതെ വേഗം പോടാ ‘
ശേഖരൻ പറഞ്ഞു.
ബാറിന്റെ മുന്നിൽ ഓട്ടോറിക്ഷ നിന്നു. ശേഖരൻ പയ്യന് ഓട്ടോകൂലി നൽകി ബാറിലേക്ക് നടന്നു. കൈലിയൊന്ന് തട്ടുടുത്ത് അയാൾ ബാറിൽ കയറി. നല്ല തിരക്കുണ്ട്. വൈകുന്നേരമല്ലേ. ശേഖരൻ ബാറിലൊരു ഒഴിഞ്ഞകസേര കണ്ടെത്തിയവിടെയിരുന്നു. ഇരുന്നമാത്രയിൽ ‘വിളിയെത്തി ‘
ശേഖരന് തന്റെയരിഷം ഉപ്പുറ്റിമുതൽ അരിച്ചുകയറി. അയാളൊരു അരലിറ്റർ ബ്രാണ്ടി വാങ്ങി വെള്ളം ചേർക്കാതെ ആമാശയത്തിലേക്ക് അരിച്ചിറക്കി. കണ്ണുകൾ ചുവന്നുതുടങ്ങി. താനൊരു ആരോഗ്യദൃഡഗാത്രനായി മാറിയതുപോലെ. പ്രായം ബാധിക്കാത്ത വൃദ്ധൻ. ബാറിൽ പണം നൽകിപുറത്തിറങ്ങിയ ശേഖരൻ ഒരു ഓട്ടോപിടിച്ചു. വീടിന്റെ ഗെയ്റ്റിനു മുന്നിൽ ഓട്ടോറിക്ഷ വന്നു നിന്നു.

‘താൻ പൊയ്ക്കോ.. അകത്തേക്ക് മുന്ന് ചക്രം കയറ്റണ്ട അവൾക്കതിഷ്ടമല്ല,’
ശേഖരൻ ഓട്ടോകൂലി നൽകി ഗൈറ്റ് തുറന്ന് അകത്തേക്ക് കയറി. ഗെയ്റ്റിൽ ഘടിപ്പിച്ചിരുന്ന വീട്ടുപേരോന്ന് നോക്കിയായാൾ ഒന്ന് കാർക്കിച്ചുതുപ്പി.
“സ്വർഗം ”
അയാൾ അകത്തേക്ക് കയറി കതക് തള്ളി തുറന്നു. ധൈര്യം നേടിയ ധൈര്യത്തോടെ ശേഖരൻ വിളിച്ചു പറഞ്ഞു.

“നീ ന്റെ നാശത്തിനാണോ വിളിച്ച് പണ്ടാരമണ്ടങ്ങുന്നേ. വർഷമിത്രയും ആയിട്ടും നിനക്ക് നിന്റെ ഒടുക്കത്തെ സംശയം മാറിയില്ലേ. ഇത്രകാലം ഞാൻ ഇത് പറയാതെ ഇരുന്നത് നിന്നെ പേടിച്ചിട്ടൊന്നുമല്ല. കേട്ടോ… അതേടി ഞാൻ വലിക്കും കുടിക്കും.. ഞാൻ ചാവാനാടി കുടിക്കുന്നെ.നിന്നെ ഭയക്കാൻ എനിക്ക് മനസില്ല.”

ഇത്രയേറെ വർഷങ്ങൾക്കിടയിൽ ആദ്യമായിയാണ് ശേഖരൻ തന്റെ ശബ്ദമൊന്നുയർത്തി സംസാരിച്ചത്. പെട്ടെന്ന് ശേഖരൻ അകത്തേക്ക് കയറി പോയി. അകത്തെ മുറിയിൽ കയറിയ ശേഖരൻ പെട്ടെന്ന് ശാന്തമായി. ഒരു കുട്ടി തന്റെ അമ്മയുടെ മുന്നിൽ ഒരു തെറ്റ് ചെയ്ത് എപ്രകാരമാണോ നില്കുന്നെ. അപ്രകാരം ശേഖരൻ തന്റെ മുറിയിൽ പോയി നിന്നു.

പ്രധാനമുറിയിൽ അപ്പോഴും ഒരു ചെറുപുഞ്ചിരിയോടെ അവളെല്ലാം കേട്ടിരുന്നു. ഭിത്തിയിലെ കവിതയുടെ ചില്ലുചിത്രമൊന്നു ചലിച്ചു. അവൾക്ക് ചെറുതായി ദേഷ്യം വന്നുതുടങ്ങിയിരിക്കണം. ജമന്തിമാലയൊന്നു നിലത്തുവീണു.

” ദേഷ്യം വരുമ്പോളും കവിതയുടെ മുഖത്തായി ഈ ചിരി പ്രകടമാകും. അവൾക്ക് ദേഷ്യപ്പെടാനൊന്നും അറിയില്ല. ”
ശേഖരന്റെ മൊബൈൽ റിങ് ചെയ്തു. അയാളുടെ കണ്ണുനീർ സ്ക്രിനിൽ വീണോന്നു പടർന്നു.