മുല്ലപ്പെരിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നതില്‍ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഇനി ഉയര്‍ത്തില്ലെന്നും ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടത് കൊണ്ട് ആശങ്കവേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ആവശ്യപ്പെതിനെ തുടര്‍ന്നാണ് നേരത്തെ ഷട്ടറുകള്‍ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ കുറച്ച് മുന്‍പ് ഉയര്‍ത്തിയിരുന്നു. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ 50 സെ മീ വീതമാണ് ഉയര്‍ത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും.

ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2,974 ഘനയടിയാകും.നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 70 സെ മീ വീതം ഉയര്‍ത്തിയിട്ടുണ്ട്. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്.