വഴിതടഞ്ഞ് കാര്‍ അടിച്ചു തകര്‍ത്തിട്ട്, മദ്യപനെന്ന് ചിത്രീകരിച്ചത് മോശമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയില്‍ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത വിഷയം നിയമസഭയില്‍. ജോജു ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സിനിമാ താരത്തെ വഴിതടഞ്ഞതും വാഹനം അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാലും ചോദിച്ചു. എന്നിട്ട് നടന്‍ മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ പൊലീസ് നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. ജോജുവിന്റെ പരാതിയില്‍, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെടുത്ത കേസില്‍ കൂടുതല്‍ നേതാക്കളെ പ്രതിചേര്‍ക്കും. ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.