അക്രമ സമരപരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്, പഠിപ്പിക്കാന്‍ വരണ്ടെന്ന് സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ അക്രമ സമരപരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസ് സമരത്തെ വിമര്‍ശിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ട.

കൊച്ചിയില്‍ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. എന്തു സാഹചര്യത്തിലാണ് നടന്‍ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടന്‍ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.

സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാലും ചോദിച്ചു. എന്നിട്ട് നടന്‍ മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു.