ഭരണം അത്യാസന്നനിലയില്‍; ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്കില്‍

വന്‍കിട പദ്ധതികള്‍ അവതാളത്തില്‍.

നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഭൂമിയേറ്റെടുക്കല്‍ ഫയലുകളില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഒപ്പുവെയ്ക്കുന്നില്ല.

വിജിലന്‍സ് ക്ലിയറന്‍സില്ലാത്ത നിയമനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ല.

– ദി വൈഫൈ ന്യൂസ് ഡെസ്‌ക്-

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് സംസ്ഥാന ഭരണം പൂര്‍ണ്ണ സ്തംഭനത്തിലേക്ക്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള എല്ലാ ഫയലുകളും ഉദ്യോഗസ്ഥര്‍ പിടിച്ചു വെയ്ക്കാന്‍ തുടങ്ങിയതോടെ ഭരണം ഏതാണ്ട് സ്തംഭിച്ച മട്ടാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിടില്ലെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ വന്‍കിട പദ്ധതികളെല്ലാം സ്തംഭനത്തിലായി. എല്ലാ ഫയലുകളും നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ മന്ത്രിമാരെ രേഖാമൂലം അറിയിച്ചതോടെ ഭരണം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം ഈ മാസം 16-ാം തീയതി വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ച മുന്നില്‍ക്കണ്ട് കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും പദ്ധതികളും ഏതാണ്ട് നിലച്ച മട്ടാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ കളക്ടര്‍മാര്‍ ചട്ടപ്രകാരം ആക്കിയതോടെ ആ പദ്ധതിയും അനന്തമായി നീളുമെന്നുറപ്പാണ്.

വിവിധ വകുപ്പുകളുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കേണ്ടവരുടെ ലിസ്റ്റ് സെക്രട്ടറിമാര്‍ തള്ളിയതോടെ നിയമനങ്ങള്‍ നടത്താനാവാത്ത സ്ഥിതിയാണ്. ചില മന്ത്രിമാര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ അവരുടെ കീഴിലുള്ള സെക്രട്ടറിമാര്‍ നിരസിച്ചതോടെ നിയമനങ്ങളും അനന്തമായി നീളുകയാണ്. പേരുകള്‍ നിരസിച്ചതിന്റെ കാരണം മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മന്ത്രി നിര്‍ദ്ദേശിച്ച പലര്‍ക്കും മതിയായ യോഗ്യതയില്ലെന്നും നിയമനചട്ടങ്ങള്‍ പാലിക്കാതെയാണെന്നും സെക്രട്ടറി ഫയലില്‍ എഴുതിയതോടെ മന്ത്രിമാരുടെ സ്ഥിതിയും പരുങ്ങലിലാണ്.

ബന്ധു നിയമന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന് സെക്രട്ടറിമാര്‍ ഫയലില്‍ എഴുതി തുടങ്ങിയത്. ഒട്ടുമിക്ക വകുപ്പുകളിലും നടപടിക്രമങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും തള്ളിക്കളയാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതോടെ ഫയലുകളുടെ നീക്കം മന്ദഗതിയിലായി. നടപടിക്രമങ്ങള്‍ പാലിച്ചുള്ള ഫയലുകളില്‍ മാത്രം ഒപ്പിട്ടാല്‍ മതിയെന്നാണ് ഐ.എ.എസ് അസോസിയേഷന്റെ രഹസ്യ തീരുമാനം.

അഴിമതിക്കെതിരെ വീരവാദങ്ങള്‍ മാത്രം; പ്രതികള്‍ സസുഖം വാഴുന്നു