സീറോ മലബാര്‍ സഭയുടെ പ്രബോധനരേഖ ശുദ്ധതട്ടിപ്പെന്ന് വിശ്വാസികള്‍

സീറോ മലബാര്‍ സഭയുടെ അജപാലന ശുശ്രൂഷകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി തയ്യാറാക്കിയ പ്രബോധനരേഖ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. സിനഡില്‍ പങ്കെടുത്ത മെത്രാന്‍മാര്‍ സമീപം

വിശ്വാസികള്‍ ആഡംബര ഭ്രമം ഉപേക്ഷിക്കണമെന്ന് പ്രബോധന രേഖ

മെത്രാന്മാരുടെ ആഡംബര ഭ്രമത്തെ കുറിച്ച് മിണ്ടാട്ടമില്ല. 

വിശ്വാസികള്‍ ലളിത ജീവിതം നയിക്കണമെന്ന് പറയുന്ന മെത്രാന്മാര്‍ സഞ്ചരിക്കുന്നത് ബെന്‍സ് കാറില്‍.

യുവാക്കള്‍ വിദേശ ജോലി ഭ്രമം ഉപേക്ഷിക്കണമെന്ന് രേഖയില്‍ പറയുന്നു. എന്നാല്‍ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി കിട്ടാന്‍ കൈക്കൂലി വാങ്ങുന്ന ഏര്‍പ്പാടിനെ ന്യായീകരിക്കുകയും ചെയ്യുന്നതായി ആരോപണം. 

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

സീറോ മലബാര്‍ കത്തോലിക്ക സഭയുടെ പ്രബോധന രേഖയെ കുറിച്ച് സഭയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ആത്മായ-വിശ്വാസ സമൂഹത്തെ ഉദ്‌ബോധിപ്പിക്കാന്‍ ‘ഒന്നായി മുന്നോട്ട്’ എന്ന പേരില്‍ അജപാലന പ്രബോധന രേഖ പുറത്തിറക്കിയത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക ശേഷിയുള്ള ക്രൈസ്തവ വിശ്വാസ സമൂഹമായ സീറോ മലബാര്‍ സഭയുടെ വൈകി വന്ന വിവേകമാണ് ഈ പ്രബോധന രേഖയുടെ പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

വിവാഹം, മാമ്മോദീസ, ജൂബിലികള്‍, ഓര്‍മ്മയാചരണം തുടങ്ങിയവയില്‍ സമഭാവനയോടെ ദരിദ്ര പങ്കാളിത്തം ഉറപ്പാക്കണമെന്ന് രേഖയില്‍ പറയുന്നു. സഭാ തലവന്മാര്‍ ലാളിത്യം ഉറപ്പാക്കേണ്ടത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും തിരുനാള്‍ ആഘോഷങ്ങളിലുമാണെന്ന് രേഖയില്‍ പറയുന്നു. കോടികള്‍ മുടക്കി പള്ളികള്‍ പണിതു കൂട്ടിയ ശേഷം ലാളിത്യം വേണമെന്ന് പ്രബോധനരേഖ ഇറക്കുന്നത് ശുദ്ധ തട്ടിപ്പാണെന്ന് വിശ്വാസികള്‍ പറയുന്നു. എറണാകുളം ഇടപ്പള്ളി പള്ളി 16 കോടി രൂപ മുടക്കിപ്പണിതപ്പോള്‍ അതിനെതിരെ ഒരക്ഷരം പ്രതികരിക്കാതിരുന്ന സഭാ പിതാക്കന്മാര്‍ ഇപ്പോള്‍ ഒന്നായി മുന്നോട്ടെന്ന് പറഞ്ഞ് കബളിപ്പിക്കല്‍ രേഖ ഇറക്കിയിട്ടെന്ത് കാര്യമെന്ന് വിശ്വാസികള്‍ ചോദിക്കുന്നു.

സഭാംഗങ്ങളായ യുവാക്കള്‍ ഇന്ത്യയില്‍ പഠിച്ച ശേഷം വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്നാണ് രേഖയിലെ മുഖ്യപ്രബോധനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശുപത്രി-സ്‌കൂള്‍-കോളേജ്-എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന സീറോ മലബാര്‍ സഭ തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലിക്കുള്ള നിയമനത്തിനായി സംഭാവനയെന്ന പേരില്‍ കൈക്കൂലി വാങ്ങുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാതെ ഇമ്മാതിരി പ്രബോധനം നടത്തിയിട്ടെന്ത് കാര്യമെന്നാണ് വിശ്വാസികളുടെ ചോദ്യം. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സഭയുടെ എയിഡഡ് സ്‌കൂളുകളിലും കോളേജുകളിലും പണം വാങ്ങി നിയമനം നടത്തുന്ന സഭാ പിതാക്കന്മാര്‍ തൊഴില്‍ തേടി വിദേശത്ത് പോകുന്ന യുവാക്കളെ എന്തിന് തടയണം ?

ആവശ്യത്തിലധികം പള്ളികള്‍ ഉണ്ടായിട്ടും മനോഹരമായ ദേവാലയങ്ങള്‍ തല്ലിപ്പൊളിച്ച് പുതിയവ പണിയുന്ന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നത് ബിഷപ്പുമാരാണെന്ന് വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു.

വിശ്വാസികളുടെ ആഡംബരത്തെ കുറ്റപ്പെടുത്തുന്ന സഭാ പിതാക്കന്മാരുടെ ആഡംബര തുല്യമായ ജീവിതത്തെക്കുറിച്ച് മിണ്ടാട്ടമില്ലെന്നവര്‍ കുറ്റപ്പെടുത്തുന്നു. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറില്‍ സഞ്ചരിക്കുകയും കൊട്ടാര സമാനമായ അരമനകളില്‍ താമസിക്കുകയും ചെയ്യുന്ന മെത്രാന്മാര്‍ ലാളിത്യത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്ന് വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു.

യേശുക്രിസ്തു കഴുതപ്പുറത്ത് കയറി സഞ്ചരിച്ചുവെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്ന മെത്രാന്മാര്‍ ബെന്‍സ് കാറിലാണ് സഞ്ചരിക്കുന്നത്. നാനോ കാറിലും മാരുതി കാറിലും സഞ്ചരിക്കുന്ന സീറോ മലബാര്‍ സഭയുടെ മെത്രാന്മാര്‍ എത്ര പേരുണ്ടെന്ന് വിശ്വാസികള്‍ ചോദിക്കുന്നു ? ആഡംബര വീടുകള്‍ ഉണ്ടാക്കരുത്, ആഡംബര വിവാഹങ്ങള്‍ നടത്തരുതെന്ന് പറയുന്ന മെത്രാന്മാര്‍ അവര്‍ താമസിക്കുന്ന വീടുകള്‍ക്ക് എന്തിന് അരമന എന്ന് വിളിക്കുന്നു എന്ന് വിശ്വാസികള്‍ ചോദിക്കുന്നു. ആഡംബര കല്യാണങ്ങളെ ആശിര്‍വദിക്കാന്‍ പോകുന്നതും മെത്രാന്മാരാണ്. അവരത് തടയാന്‍ യാതൊന്നും ചെയ്യാതിരിക്കുകയും അതില്‍ പങ്കാളിയാവുകയും ചെയ്ത ശേഷം പ്രബോധനം നടത്തിയിട്ടെന്ത് കാര്യമെന്നാണ് വിശ്വാസികളുടെ ചോദ്യം. മെത്രാന്മാരുടെ സ്ഥാനാഭിഷേകങ്ങള്‍ ആഡംബര തുല്യമായി നടത്തുന്നതിനെക്കുറിച്ച് പ്രബോധനരേഖയില്‍ ഒന്നും പറയുന്നില്ല. ഇത്തരം ചടങ്ങുകള്‍ ആഡംബരമായി നടത്തരുതെന്നു പോലും പറയാനുള്ള ധൈര്യം പ്രബോധനരേഖയില്‍ കാണിച്ചിട്ടുമില്ല.

സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഴുത്തറപ്പന്‍ ഫീസിനെക്കുറിച്ചോ അദ്ധ്യാപക-അനദ്ധ്യാപകര്‍ക്ക് ന്യായമായ ശമ്പളം നല്‍കാത്തതിനെക്കുറിച്ചോ സഭ ഒന്നും പ്രബോധിപ്പിക്കുന്നില്ല.

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സഭയുടെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പശ്ചാത്തലത്തിലുള്ളതാണ് പ്രബോധന രേഖ.

പക്ഷേ, സഭയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം വരുത്താതെ പ്രബോധന രേഖ ഇറക്കിയിട്ടെന്ത് കാര്യമെന്നാണ് വിശ്വാസികളുടെ ചോദ്യം.