സായന്തനക്കൂട്ട് (കഥ-ഇന്ദു ലേഖ )

ആഷാഢം നിറഞ്ഞു പെയ്ത് പ്രളയഭീതി ഉണർത്തിയ ദിനങ്ങൾ കടന്നു പോയിരിക്കുന്നു .. കൽക്കട്ടയ്ക്കു മുകളിൽ വെൺമേഘങ്ങൾ നിരന്നു തുടങ്ങി .ദേവദാരു വൃക്ഷങ്ങളിൽ ചുവന്ന തളിരുകൾ നിറഞ്ഞു .ആകാശം വേനൽക്കരങ്ങൾ നീട്ടി ഭൂമിയെ പുണരാനൊരുങ്ങിയ ഒരു പുലർവേളയിലാണ് അപർണ ചില്ലയിലെത്തുന്നത് .
‘ചിത്രകലയിൽ സംഗീതത്തിൻ്റെ സ്വാധീനം’ എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിക്കാൻ ബനാറസിലേയ്ക്ക് രവിശങ്കർ പോയതിൻ്റെ പിറ്റേന്നാൾ ..

ശാന്തിനികേതനിൽ ചിത്രകലാദ്ധ്യാപകനായി വിരമിച്ചതിനു ശേഷം രവിശങ്കർ കെട്ടിപ്പടുത്തതാണ് ചില്ല ..ഗംഗാ തീരത്ത് ,ബരാസതിൽ …ചുവന്ന ഇഷ്ടികകളാൽ പണിത കോട്ടേജുകളും, ബോഗൻ വില്ലകൾ അതിരിടുന്ന ചെറു ജലാശയങ്ങളും ഭംഗി പകരുന്ന ഒരിടം .കൽക്കട്ടയിലെത്തുന്ന ഹ്രസ്വകാല സന്ദർശകർക്കു വേണ്ടിയാണ് ചില്ലയൊരുക്കിയിട്ടുള്ളത് .

ആഫ്രോൺ പൂങ്കുലകൾ
മട്ടുപ്പാവിൽ പടർന്നു കയറിയ ഒരു കോട്ടേജാണ് അപർണ തിരഞ്ഞെടുത്തത് .
ഒരാഴ്ചയ്ക്കുശേഷം ,നീണ്ട ഒരു യാത്രയുടെ മുഷിച്ചിലുമായി രവിശങ്കർ ചില്ലയിലെത്തുമ്പോൾ ആകാശത്ത് ഒരു ഒറ്റ നക്ഷത്രം മാത്രം പ്രകാശിച്ചുനിന്നിരുന്നു.

വിദൂരതകളിലെങ്ങോ നിന്നുവരുന്ന തുംരി ഗാന ത്തിന്റെ വയലിൻ നാദത്തിലേക്കാണ് പിറ്റേന്ന് രവിശങ്കർ ഉണർന്നത്. ഉദ്യാനത്തിലെ ജലാശയത്തോട് ചേർന്നുള്ള കല്പടവിൽ ഇരുന്ന് വയലിൻ വായിക്കുന്ന അപർണയിലേക്കാണ് ആ രാഗം രവിയെ എത്തിച്ചത്. ചിരിക്കുമ്പോൾ ചെറുതാകുന്ന അവളുടെ മിഴികളിലൂടെ രവിശങ്കർ കാലങ്ങൾക്ക് അപ്പുറത്തേക്ക് എടുത്തെറിയപ്പെട്ടു.

തന്റെ കൗമാര സ്വപ്നങ്ങളെ
മുഴുവൻ ഒറ്റതന്ത്രിയിൽ ഒതുക്കിയവൾ. നെൻമണികളുടെ വെളിച്ചം പ്രണയത്തിനു പകർന്നവൾ..

വെട്ടുകല്ലുകൾ പാകിയ പാതയിലൂടെ രവിശങ്കറിനൊപ്പം നടക്കുമ്പോൾ അപർണ വാചാലയായി. അപകടത്തിൽ മരിച്ച ഭർത്താവിനെക്കുറിച്ച്, ലണ്ടനിൽ ഉള്ള മകൾ ദർശനയെ ക്കുറിച്ച്,മരുമകൻ രോഹിതിനെക്കുറിച്ച് , തന്റെ സംഗീതത്തെക്കുറിച്ച്, ആറുമാസങ്ങൾക്കുള്ളിൽ ലണ്ടനിലേക്ക് പോകേണ്ടതിനെക്കുറിച്ച്, അങ്ങനെയെല്ലാം…

ഏകനാണെന്ന് തോന്നാത്തതിനാൽ വിവാഹം കഴിച്ചില്ല എന്നുമാത്രം രവിശങ്കർ പറഞ്ഞു. കൽക്കട്ടയിൽ അടുത്ത ആഴ്ചമുതൽ നടക്കാൻ പോകുന്ന വർണോത്സവം എന്ന പരിപാടിയിലേക്ക് രവിശങ്കർ അപർണയെ ക്ഷണിച്ചു.

ശ്രാവണത്തിലെ തെളിഞ്ഞു നിന്ന ഏഴു പകലുകളിലായി നടന്ന, വരകളുടെയും വർണങ്ങളുടെയും ആ ഉത്സവത്തിൽ രവിശങ്കറിനൊപ്പം അപർണയും നിറഞ്ഞു നിന്നു. കടുകെണ്ണയിൽ വറുത്ത മത്സ്യക്കറിയും, ചീര ചേർത്ത ദാലും മണക്കുന്ന ഭക്ഷണശാലകളിലും, മേൽത്തരം വസ്ത്രങ്ങൾ വിലപേശി വാങ്ങാവുന്ന ബുറാബസാറിലും, ബാവുൽ ഗീതങ്ങൾ പൊഴിയുന്ന തെരുവുകളിലും അപർണയുടെ ചിരിത്തുണ്ടുകൾ ചിതറിവീണു.

കൗമാര കാലത്തെങ്ങോ അവളിൽ കുടിയേറിയ ഋതുവസന്തം തിരികെപ്പോകാൻ മറന്നതായി രവിക്ക് തോന്നി.
ഇന്ദ്രജാലക്കാരന്റെ പരവതാനിയിലേറി ദിവസങ്ങളും മാസങ്ങളും പറന്നുപോയി. കടലിലേക്ക് തുറക്കുന്ന ജനാലകളുള്ള റെസ്റ്റോറന്റിൽ നിന്നും ഇറങ്ങുമ്പോഴാണ് തനിക്ക് അടുത്ത ആഴ്ച ലണ്ടനിലേക്ക് പോകണമെന്ന് അപർണ പറയുന്നത്.

പ്രതീക്ഷിച്ചിരുന്ന ആ അപ്രതീക്ഷിത വാർത്തയുടെ ആഘാതത്തിൽ രവിശങ്കറിന്റെ ഹൃദയഭാരം വർദ്ധിച്ചു. ചില്ലയിലേക്ക് തിരികെപ്പോകുമ്പോൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല.

അടുത്ത ദിവസങ്ങൾ തിരക്കുപിടിച്ചതായിരുന്നു. ലണ്ടനിലേക്ക് കൊണ്ടുപോകേണ്ട സാധനങ്ങൾ വാങ്ങാൻ രവി അപർണയെ സഹായിച്ചു. അപർണയ്ക്കും , ദർശനയ്ക്കും ബംഗാളി കോട്ടൺ സാരികൾ രവി വാങ്ങി നൽകി.വയലറ്റ് നിറത്തിലുള്ള ലാവൻ്റർ പുഷ്പങ്ങൾ ചിതറിക്കിടക്കുന്ന ഒരു കാശ്മീരിഷാളാണ് അപർണ രവിക്കു സമ്മാനിച്ചത്.

പാടണമെന്നുണ്ടെന്നാൽ
അതിന്നൊരു സ്വരം
വരുന്നീല്ലല്ലോ

ടാഗോറിന്റെ ഗീതാഞ്ജലി കേട്ടുകൊണ്ട് രവിശങ്കർ അപർണയ്ക്ക് സമ്മാനിക്കാനുള്ള ചിത്രം പൂർത്തിയാക്കി. നേർത്ത തിരശീല കൊണ്ടു ചിത്രം മറയ്ക്കുമ്പോഴാണ് അപർണയുടെ ഫോൺ വന്നത് .

ഗംഗാ തീരത്തേയ്ക്ക് അവൾക്കൊപ്പം നടക്കുമ്പോൾ മഴത്തുള്ളികളെ ഗർഭം ധരിച്ച തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

രവി ഡൽഹിയിലേക്ക് വരുമെന്ന് ഞാൻ കുറേ നാൾ പ്രതീക്ഷിച്ചിരുന്നു. അപർണ പറഞ്ഞു. എന്റെ അച്ഛന് നൽകിയ വാക്ക് തെറ്റിക്കാൻ രവിക്കാകില്ലെന്നു മനസ്സിലാക്കിയപ്പോൾ ആ പ്രതീക്ഷ അവസാനിച്ചു.
രവിക്കൊന്നും പറയാനായില്ല..

ഗംഗാതീരത്തു കെട്ടിയിട്ട തോണിയിൽ അഭിമുഖമായി ഇരിക്കുമ്പോൾ ദർശന വിളിച്ച കാര്യം അപർണ പറഞ്ഞു.. സൈപ്രസ് മരങ്ങൾ നിറഞ്ഞ താഴ്‌വരയിലെ വീടിനടുത്തായി അപർണയ്ക്ക് ഒരു സംഗീതവിദ്യാലയവും അവൾ ഒരുക്കിയിട്ടുണ്ടെന്ന്….

അമ്മയെ സ്നേഹിക്കുന്ന കുട്ടി….. രവി പറഞ്ഞു .. അതെ,അതുകൊണ്ടാണല്ലോ ഞാൻ ലണ്ടനിലേക്കില്ല എന്ന് പറഞ്ഞപ്പോൾ അവൾക്കു മനസ്സിലായത്….

അപർണയുടെ വാക്കുകൾ കേട്ട രവി, ഒരു ജന്മത്തിന്റെ മുഴുവൻ വിഹ്വലതകളുമായി അവളെ നോക്കി… തൂവൽ ബ്രഷ് പോലെ മൃദുലമായ രവിയുടെ വിരലുകൾ കയ്യിലെടുത്ത് അപർണ പറഞ്ഞു … ഈണം ഒടുവിൽ അതിന്റെ താളത്തെ കണ്ടെത്തിയിരിക്കുന്നു

തോണി ,യാത്ര പുറപ്പെട്ടു.
ഫാൽഗുനത്തിലെ വെളുത്ത മേഘങ്ങളിൽ പ്രണയത്തിൻ്റെ ബുദ്ധമുദ്രകൾ തെളിഞ്ഞു .

അമി ചീനി ഗോ ചീനീ
തൊ മാരേ ഓ
ബിദേശീ
എൻ്റെ വഞ്ചി ചെറുതും ചപലവുമാണ്
വന്യമായ തിരകളെ മുറിച്ചു
കടക്കാൻ കഴിയാത്തത്
നീ അനായാസമായി ചുവട് വെച്ച് ഇതിലേയ്ക്ക് കയറൂ
മൃദുവായി തുഴഞ്ഞ് നിന്നെ
ഞാൻ കൊണ്ടു പോകാം

തോണിക്കാരൻ്റെ പാട്ട് ദൂരേയ്ക്ക് അകന്നുപോയി
സായന്തനത്തിൻ്റെ നിറക്കൂട്ടുകൾ അലിഞ്ഞു ചേർന്ന ഗംഗ, ഒരു പൗരാണിക എണ്ണ ച്ചായാചിത്രത്തിൻ്റെ ചാരുത പകർന്നു …