നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തില്‍ ഇന്ത്യന്‍ വംശജന്‍ അനില്‍ മേനോനും

വാഷിംഗ്ടണ്‍: ആര്‍ട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങള്‍ക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു. ആര്‍ട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ട്രനോട്ടുകളുടെ തെരഞ്ഞെടുപ്പ്. ബഹിരാകാശ നിലയത്തിലേക്കുള്ള ഭാവിയാത്രകളിലും ഈ സംഘത്തിലെ അംഗങ്ങള്‍ പങ്കാളികളാകും.

ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് പുതിയ സംഘം. ഇന്ത്യന്‍ വംശജനായ അനില്‍ മേനോനും തെരഞ്ഞടുക്കപ്പെട്ടവരിലുണ്ട്. നികോള്‍ അയേര്‍സ്, മാര്‍കോസ് ബെറിയോസ്, ക്രിസ്റ്റീന ബിര്‍ച്ച്, ഡെനിസ് ബര്‍നഹാം, ലൂക് ഡെലാനി, ആന്‍ഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്‌വേ, ക്രിസ്റ്റിഫര്‍ വില്യംസ്, ജെസിക്ക വിറ്റ്‌നര്‍ എന്നിവരാണ് അംഗങ്ങള്‍. 12,000ത്തില്‍ അധികം അപേക്ഷകരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.

2014 ലാണ് അനില്‍ മേനോന്‍ നാസയുടെ കൂടെ ചേരുന്നത്. ഫ്‌ലൈറ്റ് സര്‍ജനായിട്ടായിരുന്നു തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാല സഞ്ചാരികള്‍ക്കൊപ്പം ഡെപ്യൂട്ടി ക്രൂ സര്‍ജനായി പ്രവര്‍ത്തിച്ചു. 2018ല്‍ സ്‌പേസ് എക്‌സിനൊപ്പം ചേര്‍ന്ന മേനോന്‍ അവിടെ അഞ്ച് വിക്ഷേപണ ദൗത്യങ്ങളില്‍ ലീഡ് ഫ്‌ലൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചു.

പുതിയ ബഹിരാകാശയാത്രികര്‍ക്കുള്ള രണ്ട് വര്‍ഷത്തെ പ്രാരംഭ പരിശീലനം 2022 ജനുവരിയില്‍ ആരംഭിക്കും. പരിശീലനത്തിന് ശേഷം അംഗങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കും.