ആകർഷകമായ ഓഫറുമായി ബിഎസ്എൻഎൽ; 94 രൂപയ്ക്ക് 75 ദിവസം, 3 ജി ബി

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ് ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്. 94 രൂപ പ്ലാനിൽ 75 ദിവസത്തെ കാലാവധിയും 3 ജിബി ഡേറ്റയുമാണ് നൽകുന്നത്. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളിൽ കേവലം 28 ദിവസമാണ് കാലാവധി.

ബിഎസ്എൻഎലിന്റെ 94 രൂപ പ്ലാനിൽ 75 ദിവസത്തേക്കാണ് 3 ജിബി സൗജന്യ ഡാറ്റ നൽകുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും വിളിക്കാവുന്ന 100 മിനിറ്റുകളും ഇതോടൊപ്പം ലഭിക്കും. 60 ദിവസത്തേക്ക് ബിഎസ്എൻഎല്ലിന്റെ ഡിഫോൾട്ട് ട്യൂണുകളും ഉപയോഗിക്കാം. കോളുകൾക്ക് മിനിറ്റിന് 30 പൈസയാണ് ഈടാക്കുന്നത്.

90 ദിവസത്തെ കാലാവധി നൽകുന്ന 88 രൂപയുടെ വോയ്‌സ് വൗച്ചറും 90 ദിവസത്തെ കാലാവധി നൽകുന്ന 209 രൂപയുടെ കോംബോ വോയ്‌സ് വൗച്ചറും ബിഎസ്‌എൻഎല്ലിന്റെ ലിസ്റ്റിലുണ്ട്. 198 രൂപയുടെ പ്ലാനിന് 50 ദിവസത്തെ കാലാവധിയുണ്ട്. കൂടാതെ 2 ജിബി പ്രതിദിന ഡാറ്റയും ഉപയോഗിക്കാം. 2ജിബി പരിധി കഴിഞ്ഞാൽ വേഗം 40 കെബിപിഎസായി കുറയും. 90 ദിവസത്തെ കാലാവധി നൽകുന്ന 209 രൂപയും മറ്റൊരു പ്ലാനും ബിഎസ്എൻഎല്ലിനുണ്ട്.

ബിഎസ്എൻഎലിന് 97, 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ഉണ്ട്. 97 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റയും 18 ദിവസത്തെ കാലാവധിയും ലോക്ധൂൺ ഉള്ളടക്കത്തിലേക്ക് ആക്സസും നൽകുന്നു. ഇന്ത്യയിൽ എവിടെയും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകുന്നു. 22 ദിവസമാണ് കാലാവധി. 50 ദിവസത്തെ വാലിഡിറ്റിയുള്ള 75 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള മറ്റൊരു പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഇത് 2 ജിബി ഡേറ്റ, 100 മിനിറ്റ് വോയ്‌സ് കോളുകൾ, 50 ദിവസത്തേക്ക് സൗജന്യ റിങ്ടോണുകൾ എന്നിവയും ഓഫർ ചെയ്യുന്നു.

അതേസമയം, രാജ്യത്തുടനീളം ബിഎസ്എൻഎലിന്റെ 4ജി സേവനങ്ങൾ അടുത്ത വർഷം സെപ്റ്റംബറോടെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎലിന്റെയും ഓഹരി വിറ്റഴിക്കുന്നതിനുള്ള ഒരു നിർദേശവും പരിഗണനയിലില്ലെന്നും കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ ലോക്‌സഭയിൽ രേഖാമൂലം മറുപടിയും നൽകിയിരുന്നു.