പിടി തോമസിനെ രാജാവിനെപ്പോലെയാണ് പൊതുജനം യാത്രയാക്കിയതെന്ന് ഭാര്യ ഉമ തോമസ്

കൊച്ചി :അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിനെ രാജാവിനെപ്പോലെയാണ് പൊതുജനം യാത്രയാക്കിയതെന്ന് ഭാര്യ ഉമ തോമസ്. പിടിയെ നെഞ്ചിലേറ്റി എല്ലാവരോടും നന്ദി അറിയിക്കുന്നു. പിടി തോമസിനെ സാധാരണക്കാരാണ് നെഞ്ചിലേറ്റിയതെന്ന് മനസ്സിലായെന്നും ഉമ തോമസ് പറഞ്ഞു. പിടിയുടെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് സഭയുടെ അനുമതി വേണം. ഇതിനായി ശ്രമിക്കുന്നുണ്ട്. ചിതാഭസ്മത്തില്‍ ഒരു ഭാഗം തിരുനെല്ലിയില്‍ ഒഴുക്കണമെന്ന് പിടി ആഗ്രഹിച്ചിരുന്നു. ഗംഗയില്‍ ഒഴുക്കണമെന്ന് തനിക്കും ആഗ്രഹമുണ്ട്. മക്കളോടും ബന്ധുക്കളോടും ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഉമ തോമസ് പറഞ്ഞു.പിടിയെ തോല്‍പ്പിക്കാന്‍ അസുഖത്തിന് മാത്രമാണ് സാധിച്ചത്. മറ്റൊരിടത്തും പിടി തോറ്റിട്ടില്ല. അതെല്ലാം ജനങ്ങള്‍ മന്‌സിലാക്കി. എനിക്കവരെ മറക്കാന്‍ സാധിക്കുന്നില്ല. ഇടുക്കിയുടെ സൂര്യനാണെന്ന് ഇന്നലെ പറയുന്നത് കേട്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്, ഉമ തോമസ് പറഞ്ഞു. മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിലാണ് പിടി തോമസിന്റെ ശവസംസ്കാര ചടങ്ങ് നടന്നത്. ജനപ്രവാഹമാണ് പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. പിടിയുടെ സോഹദരൻ പിടി ജോർജും മക്കളായ വിഷ്ണുവും വിവേകും ഭാര്യയുടെ സഹോദരൻ ​ഗിരിയും ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി.