നഗരത്തെ വിറപ്പിച്ച് ഫാന്റം പെെലിയും സംഘവും

തിരുവനന്തപുരം നഗരത്തെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘങ്ങള്‍. തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് കുപ്രസിദ്ധ കുറ്റവാളി ഫാന്റം പെെലിയുടെ നേതൃത്വത്തിലുള്ള സംഘം ലഹരി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു. സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും അഞ്ചംഗ സംഘം അക്രമാസക്തരാകുകയായിരുന്നു.സംഭവ സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് നാലംഗ സംഘത്തെ രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളികളായ ഫാന്റം പൈലി എന്നറിയിപ്പെടുന്ന വർക്കല സ്വദേശി ഷാജി, കണ്ണപ്പൻ രതീഷ് എന്നറിയപ്പെടുന്ന ആറ്റിങ്ങൽ സ്വദേശി രതീഷ്, കാട്ടാക്കട സ്വദേശി അജയ്, കല്ലറ സ്വദേശി അഖിൽ, എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരാളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഗുണ്ടാ സംഘത്തിന്റെ യാത്രാ ലക്ഷ്യത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കോവളത്ത് നിന്ന് വർക്കലയിലേക്കുള്ള യാത്രയിലായിരുന്നു എന്നാണ് ഗുണ്ടാ സംഘം പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഈ യാത്ര എന്തിനായിരുന്നെന്നത് സംബന്ധിച്ച് കൂടുതല്‍ ചോദ്യംചെയ്യലുണ്ടായേക്കും. നിലവില്‍ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത് അടക്കം വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു.ഇന്നലെ രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കിയതിനിടെയാണ് വീണ്ടും ഗുണ്ടാ സംഘങ്ങൾ നഗരത്തിൽ പ്രശ്നം സൃഷ്ട്രിച്ചത്. കുപ്രസിദ്ധ മോഷ്ടാവായ ഫാന്റം പെെലിക്ക് എതിരെ വർക്കല, പള്ളിക്കൽ, പൂജപ്പുര, മണ്ണന്തല, തൊടുപുഴ, വൈക്കം, പിറവം പൊലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണ കേസുകളാണുള്ളത്.