തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പഞ്ചാബിലെ കര്‍ഷകര്‍

പഞ്ചാബില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷക സംഘടനകള്‍ മത്സരിക്കുന്നു. സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ പാര്‍ട്ടി രൂപികരിച്ചാണ് കര്‍ഷകര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ബല്‍ബീര്‍ സിങ് രജേവാശ് പാര്‍ട്ടിയെ നയിക്കും. പഞ്ചാബ് നിയമസഭയിലേക്കുള്ള 117 സീറ്റിലേക്കും മത്സരിക്കാനാണ് തീരുമാനം. കര്‍ഷക സമരത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഉള്‍പ്പെട്ട 22 സംഘടനകള്‍ ചേര്‍ന്നാണ് സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരം ഒരു നീക്കം നടത്തുന്നത് എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച വിഷയത്തില്‍ നല്‍കുന്ന പ്രതികരണം. നിലവില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയതിന് പിന്നാലെയാണ് മറ്റൊരു വിഭാഗം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന തരത്തില്‍ കുതിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. 400-ലധികം വ്യത്യസ്ത പ്രത്യയശാസ്ത്ര സംഘടനകളുടെ പ്ലാറ്റ്ഫോമാണ് സംയുക്ത കിസാന്‍ മോര്‍ച്ച. അതിനാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുക എന്ന വിഷയത്തില്‍ സംഘടനകള്‍ക്കിടയില്‍ സമവായമില്ലാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലവപാട്. ‘രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി മാത്രം രൂപീകരിച്ചതാണ് സംയുക്ത കിസാന്‍ മോര്‍ച്ച. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ധാരണയില്ല’ എന്നുമായിരുന്നു ഒമ്പതംഗ കോര്‍ഡിനേഷനില്‍ നിന്നുള്ള പ്രസ്താവന ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള സാധ്യതയും കര്‍ഷകര്‍തള്ളുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.