കോണ്‍ഗ്രസിന്റെ പാന്‍ ഇന്ത്യന്‍ മുഖമായി പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രിയങ്ക ഗാന്ധിയുടെ അധികാരമുറപ്പിക്കല്‍ കൂടിയായേക്കുമെന്ന് വിലയിരുത്തല്‍. നിര്‍ണ്ണായകമായ യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ എന്ന നിലയിലേക്ക് ഇതിനോടകം ഉയര്‍ന്ന് വന്നിട്ടുള്ള പ്രിയങ്ക തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലും ശക്തമായ പദവിയിലേക്ക് എത്തുമെന്നാണ് ദേശീയ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇതുവരെ വന്ന പ്രീപോള്‍ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം കാണിക്കുന്നില്ലെങ്കിലും പ്രിയങ്കയുടെ പ്രകടനത്തെ എതിരാളികള്‍ ഉള്‍പ്പെടെ ഉറ്റുനോക്കുകയാണ്.

കോണ്‍ഗ്രസിനുള്ളിലെ പൊളിറ്റിക്കല്‍ ട്രബിള്‍ ഷൂട്ടറായി ഇതിനോടകം മികവ് തെളിയിച്ച പ്രിയങ്കയില്‍ ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയിലെ നേതാക്കളടക്കം തൃപ്തരാണെന്നതാണ് ഈ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന മറ്റൊരു വിലയിരുത്തല്‍.അഹമ്മദ് പട്ടേലിന്റെ മരണത്തിന് ശേഷം കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ മുതല്‍ ലഖിം പുര്‍ ഖേരി വിഷയത്തിലെ ഇടപെടല്‍ വരെ പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന പരാതികളിലും പരിഭവങ്ങളിലും ഒരു പരിധിവരെ പരിഹാരം കാണാന്‍ പ്രിയങ്കയ്ക്ക് സാധിക്കുന്നു എന്നതാണ് അതിന് കാരണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന ആരോപണവുമായി ഇടഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ അനുനയിപ്പിക്കുന്നതില്‍ നടത്തിയ നീക്കങ്ങള്‍ ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. 

മുന്‍പ് പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ നവജ്യോത് സിദ്ദുവിന് പഞ്ചാബിലുറപ്പിച്ചതിന് പിന്നിലെ മാസ്റ്റര്‍ മൈന്‍ഡ് പ്രിയങ്ക ഗാന്ധിയുടേതായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഗെഹ്ലോട്ട് മന്ത്രിസഭയില്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തര്‍ക്ക് ഇടമൊരുക്കുന്നതിലും അവരുടെ ഇടപെടല്‍ വിജയം കണ്ടു. ഇതിനെല്ലാം അപ്പുറം നേതൃത്വമില്ലാത്ത പാര്‍ട്ടിയെന്ന് നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന ജി-23 യെ മെരുക്കാനും പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതികൂട്ടിലാക്കിയ ലഖിംപൂര്‍ ഖേരിയിലെ ഇടപെടലുകളില്‍ ജി-23 നേതാക്കളില്‍ നിന്ന് പ്രിയങ്ക പ്രശംസ പിടിച്ചുപറ്റിയെന്നത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിയുമായി ചേര്‍ച്ചയിലല്ലാത്ത ഈ നേതാക്കളിലേക്ക് എത്താന്‍ യുപി തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തില്‍ ഏതെങ്കിലും പദവിയിലേക്ക് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ എത്തിക്കാന്‍ സാധ്യത ഏറെയാണ്. ആചാര്യ പ്രമോദ് കൃഷ്ണ അടക്കം നിരവധി നേതാക്കള്‍ പ്രിയങ്കയെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് ആവശ്യപ്പെട്ട് പരസ്യമായി തന്നെ രംഗത്തെത്തുന്നുമുണ്ട്. രാഹുലിന്റെ രീതികളോട് തീര്‍ത്തും അതൃപ്തരായ മറ്റൊരു കൂട്ടം നേതാക്കള്‍ ആവശ്യപ്പെടുന്ന ഫോര്‍മുല മറ്റൊന്നാണ്. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുക, പ്രിയങ്കയെ ഉപാധ്യക്ഷ പദവിയിലേക്ക് എത്തിക്കുക. ഇതിനൊപ്പം ഉത്തരേന്ത്യയിലെ പാര്‍ട്ടിയുടെ നേതൃത്വവും പ്രിയങ്കയെ ഏല്‍പ്പിക്കുക എന്നതാണത്.

നേതൃത്വ പ്രതിസന്ധിയിലേക്ക് നീങ്ങിയ കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിക്ക് താങ്ങേകാന്‍ എ കെ ആന്റണിയും അഹമ്മദ് പട്ടേലുമടക്കം അംഗങ്ങളായി രൂപീകരിച്ച ഉന്നതതല സമിതി ഇന്ന് നിര്‍ജ്ജീവാവസ്ഥയിലാണ്. വല്ലപ്പോഴും മാത്രം യോഗം ചേരുന്ന അവസ്ഥയിലാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ സാഹചര്യത്തില്‍ പ്രിയങ്കയെ ഉപാധ്യക്ഷയായി നിയമിച്ചുകൊണ്ടുള്ള നീക്കം എന്തുകൊണ്ടും ഗുണകരമാകുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസിന്റെ നേതൃപദവികളില്‍ ഉപാധ്യക്ഷ സ്ഥാനമില്ലെങ്കില്‍ തന്നെയും നേരത്തെ രാഹുല്‍ ഗാന്ധിയും ജിതേന്ദ്ര പ്രസാദയുമടക്കമുള്ളവര്‍ ഈ സ്ഥാനം വഹിച്ച ചരിത്രമുണ്ട്. രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞുനിന്ന കാലഘട്ടത്തിലാണ് യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് പ്രിയങ്ക ഗാന്ധിയെത്തിയത്. ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ കുടിയേറ്റ തൊഴിലാളികള്‍ നിരാലംബരായി നിന്നപ്പോള്‍ സ്വന്തം നിലയ്ക്ക് ബസുകള്‍ എത്തിച്ച് പ്രിയങ്ക പ്രശംസ നേടി. ഹാത്രസിലും സോന്‍ഭദ്രയിലും പ്രിയങ്കയുടെ സാന്നിധ്യം ശ്രദ്ധേനേടി. ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് കയ്യേറ്റം ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങള്‍ ഇന്ദിര ഗാന്ധിയുടെ വീര്യം എന്ന വിശേഷണത്തോടെയാണ് പ്രചരിക്കപ്പെട്ടത്. യുപി പൊലീസ് തടങ്കലില്‍വെച്ച പ്രിയങ്കയുടെ മോചനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല സാധാരണക്കാരും കാത്തിരുന്നു. യുപിയിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോണ്‍ഗ്രസിനെ പ്രിയങ്ക തെരഞ്ഞെടുപ്പ് കളത്തില്‍ സജീവമാക്കിയത്. ‘ലഡ്കി ഹൂ, ലഡ് സക്തി ഹൂ’ (പെണ്‍കുട്ടിയാണ്, പോരാടാനാകും) എന്ന മുദ്രാവാക്യവുമായി ലഖ്നൗവിലും ഝാന്‍സിയിലും നടന്ന വനിതാ മാരത്തോണില്‍ പങ്കെടുത്തത് പതിനായിരക്കണക്കിന് പെണ്‍കുട്ടികളാണ്. മത-ജാതി രാഷ്ട്രീയത്തിനപ്പുറം പുതിയതും പുരോഗമനപരവുമായ ഒരു രാഷ്ട്രത്തിലൂടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രിയങ്കയ്ക്ക് ആകുമെന്ന പ്രതീക്ഷയാണ് ഇതെല്ലാം ഉയർത്തുന്നത്. ഈ സാഹചര്യത്തില്‍ യുപിക്ക് പുറമെ ഉത്തരാഖണ്ഡും പഞ്ചാബും ഉള്‍പ്പടെ നിര്‍ണ്ണായകമായ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ പാന്‍ ഇന്ത്യന്‍ മുഖമായി പ്രിയങ്ക ഗാന്ധി എത്തുന്ന കാലം വിദൂരമായിരിക്കില്ല.