ഇനി തിയേറ്റര്‍ സമരം ഉണ്ടാകാതിരിക്കാന്‍ ശ്രമം

തിരുവനന്തപുരം: തിയറ്റര്‍ സമരം കാരണം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സിനിമ ഇന്‍ഡസ്ട്രിക്കും ഉണ്ടായ നഷ്ടം ഇനി ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടന ശ്രമിക്കുന്നത്. അമ്മയും ഫെഫ്കയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘനയും തിയേറ്റര്‍ ഉടമകളും ചേര്‍ന്നതാണ് പുതിയ സംഘടന. നടന്‍ ദിലീപിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും സ്വന്തം തിയേറ്ററുകളുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് തിരുവനന്തപുരത്തെ എരീസ്പ്ലസ് എന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ സി.ഇ.ഒ. പിന്നെ ചില വിതരണക്കാര്‍ക്കും തിയേറ്ററുകളുണ്ട്. അതിനാല്‍ ഭാവിയില്‍ തിയേറ്റര്‍ അടച്ചിട്ടുള്ള സമരം ഒഴിവാക്കാനാകും എന്ന വിശ്വാസത്തിലാണിവര്‍.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലുള്ള പല അംഗങ്ങളും പുതിയ സംഘടനയെ സ്വാഗതം ചെയ്തിട്ടുണ്ട്. അതോടൊപ്പം ബി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും ചേരുന്നതോടെ വൈഡ് റിലീസിംഗിനുള്ള തടസവും ഒഴിവാകും. ഇത് പല ചിത്രങ്ങള്‍ക്കും മികച്ച ഇനീഷ്യല്‍ കളക്ഷന്‍ ലഭിക്കാനുള്ള വഴിയൊരുക്കും. അതുപോലെ മികച്ച സൗകര്യങ്ങളുള്ള തിയേറ്ററുകളില്‍ മാത്രം റീലീസ് ചെയ്യുക എന്ന തീരുമാനം യാതോരു സൗകര്യവുമില്ലാതെ എ ക്ലാസ് എന്ന പേരില്‍ ജനങ്ങളെ പറ്റിക്കുന്നവര്‍ക്ക് കിട്ടിയ തിരിച്ചടിയാണ്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, സെക്രട്ടറി ഷാജു അക്കര തുടങ്ങിയവരുടെ തിയേറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കേണ്ടെന്നും രഹസ്യ ധാരണയായിട്ടുണ്ട്.

മൂന്നാല് മാസം മുമ്പ് ദിലീപിന്റെ കിങ് ലയര്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ നല്ല കളക്ഷനില്‍ പ്രദര്‍ശിപ്പിച്ച സമയത്ത് ഇ-ടിക്കറ്റിന്റെ പേരില്‍ നിര്‍മാതാക്കളോട് ചര്‍ച്ച ചെയ്യാതെ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. ഇത് വഴി കോടികളാണ് നിര്‍മാതാക്കള്‍ക്ക് നഷ്ടം സംഭവിച്ചത്. അടിക്കടി സമരം നടത്തുകയും വിനോദ നികുതി ഉള്‍പ്പെടെ വെട്ടിക്കുകയും ചെയ്യുന്നവര്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിനും പുതിയ സംഘടനയ്ക്കും കഴിയുമെന്ന വിശ്വാസത്തിലാണ് ചലച്ചിത്രലോകം.