ഗായകര്‍ക്കും പാട്ടിന്റെ റോയല്‍റ്റിക്ക് അര്‍ഹതയുണ്ടെന്ന് കെ.എസ്. ചിത്ര

ശ്രേയാഘോഷാലിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ചിത്ര

കൊച്ചി: ഒരു പാട്ട് എല്ലാവരുടെയും ശ്രമഫലമായാണ്. ഗാനരചയിതാവിനും സംഗീത സംവിധായകനും പാട്ടിന് ജീവന്‍ നല്‍കുന്ന ഗായകര്‍ക്കും റോയല്‍റ്റിക്ക് അര്‍ഹതയുണ്ട്. ഗായകര്‍ക്ക് റോയല്‍റ്റിക്ക് അര്‍ഹതയുണ്ടെന്ന് കോടതിയും വിധിച്ചിരുന്നു.

തനിക്ക് ഇളയരാജയുടെ പാട്ടുകള്‍ പാടുന്നതില്‍ വിലക്കില്ലെന്നും ചിത്ര പറഞ്ഞു. ശ്രേയാഘോഷാലിനെ താന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളാണ് ശ്രേയയെന്നും കെ.എസ്. ചിത്ര പറഞ്ഞു.

‘അത് ക്രിയേറ്റ് ചെയ്ത ഒരു ന്യൂസ് ആയിരുന്നു. ഞാനങ്ങനെ പറഞ്ഞിട്ടില്ല, സ്വപ്‌നത്തില്‍ പോലും അങ്ങനൊന്ന് വിചാരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞ വാക്കുകളുടെ മുകളില്‍ കൂടി അവര്‍ വോയ്‌സ് ഓവര്‍ ഇട്ടതുകൊണ്ടാണ് അങ്ങനൊരു തെറ്റിദ്ധാരണ വന്നത്. ശ്രേയാഘോഷാല്‍ ഒന്നാന്തരം ഒരു ഗായികയാണ്.

അതുകൊണ്ട് ശ്രേയാഘോഷാലിന് അവസരം കൊടുക്കുന്നതില്‍ ഒരു കുറ്റവും പറയാനൊക്കില്ല. ഞാനടക്കം അത് വളരെയധികം ആസ്വദിച്ച് കേള്‍ക്കുന്ന ആളാണ്’ ചിത്ര പറഞ്ഞു.

ക്യാന്‍സര്‍ രോഗികകളുടെ ചികിത്സയ്ക്ക് ധനസമാഹരണത്തിനായി സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ വേഴ്‌സസ് സിംഫണി പരിപാടിയില്‍ ചിത്ര നാളെ പാടും. ഇളയരാജയുടെ ഗാനങ്ങളും നാളെ ഈ പരിപാടിയില്‍ പാടുമെന്ന് ചിത്ര പറഞ്ഞു.