മന്ത്രി മാത്യു ടി തോമസിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

മാത്യു ടി. തോമസിനെ നിയന്ത്രിക്കുന്നത്  സിപിഎമ്മെന്ന് വിമര്‍ശനം

ജലവിഭവ വകുപ്പ് വന്‍പരാജയമെന്ന് ജനതാദള്‍ സംസ്ഥാന ഭാരവാഹികളുടെ കുറ്റപ്പെടുത്തല്‍ 

കോര്‍പ്പറേഷന്‍ ഭാരവാഹികളെ ഇതുവരെ തീരുമാനിക്കാത്തത് മന്ത്രിയുടെ പിടിപ്പുകേടെന്ന് ആരോപണം 

മന്ത്രി മാത്യു ടി. തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജനതാദള്‍-എസ് സംസ്ഥാന നേതൃത്വം. മന്ത്രി പാര്‍ട്ടിയെക്കാള്‍ വലിയ ആള്‍ ചമയുകയാണെന്നും ജലവിഭവവകുപ്പ് വന്‍ പരാജയമാണെന്നും ഇന്നലെ പാലക്കാട് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം കുറ്റപ്പെടുത്തി.

സംസ്ഥാനം രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോള്‍ മാത്യു ടി. തോമസ് വകുപ്പിനെ നോക്കുകുത്തിയാക്കി. ജലവിഭവവകുപ്പില്‍ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സി.പി.എം നേതൃത്വത്തിന്റെ ഇഷ്ടാനുസരണം മന്ത്രി നടപ്പിലാക്കുകയാണ്. എഞ്ചിനീയര്‍മാരുടെ സ്ഥലംമാറ്റം പോലും പാര്‍ട്ടിയുമായി ആലോചിക്കാന്‍ മന്ത്രി തയ്യാറാകുന്നില്ലെന്നും പാലക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റുമാര്‍ പറഞ്ഞു. അതേസമയം മാത്യു ടി. തോമസ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു. സുഖമില്ലാത്തതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടിയെ അദ്ദേഹം അറിയിക്കുകയായിരുന്നു.

ഫെബ്രുവരി മൂന്നാം തീയതി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളിലേക്ക് നിയമിക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സി.പി.എമ്മുമായി ചര്‍ച്ച നടത്തി കൂടുതല്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ചോദിച്ചു വാങ്ങാന്‍ മാത്യു ടി. തോമസിനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത്. അക്കാര്യത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. ലഭിച്ച സ്ഥാനങ്ങളിലാകട്ടെ നിയമനം നടത്താനുമായിട്ടില്ല. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തോട് അടുത്തിട്ടും കിട്ടിയ സ്ഥാനങ്ങളിലേക്ക് നിയമനം നടത്താത്തത് എന്തുകൊണ്ടാണെന്ന് നേതാക്കള്‍ ചോദിച്ചു. അടുത്ത മാസം മൂന്നാം തീയതി മന്ത്രിയെ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും സംസ്ഥാന ഭാരവാഹികള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

പാര്‍ട്ടിയ്്ക്ക് അനുവദിച്ചിട്ടുള്ള രണ്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ഇനിയും നിയമനം നടത്തിയിട്ടില്ല. കേരള ആട്ടോ കാസ്റ്റ്, വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് ജനതാദളിന് അനുവദിച്ചത്. പാര്‍ട്ടിക്ക് നല്‍കാമെന്ന് സമ്മതിച്ചത് 27 ബോര്‍ഡ് അംഗങ്ങളുടെ സ്ഥാനമാണ്. ഇതില്‍ ഏതാനും പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ജനതാദളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയും സംസ്ഥാന പ്രസിഡന്റായിരുന്ന നീലലോഹിതദാസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടി പുതിയ പ്രസിഡന്റാകുകയും ചെയ്തതോടെയാണ് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം നീണ്ടു പോയത്.