കെ.എം. എബ്രഹാമിനെ വിടാതെ വീണ്ടും തത്ത

കെ.എം. എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

കേരള സ്ത്രീ പഠന കേന്ദ്രത്തിന് ചട്ട വിരുദ്ധമായി 86 ലക്ഷം രൂപ അനുവദിക്കുകയും വകുപ്പ് മന്ത്രിമാര്‍ അറിയാതെ 43 ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തതിനെതിരെ ലഭിച്ച പരാതിയിലാണ് അന്വേഷണം

ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തെ കേരള സ്ത്രീ പഠന കേന്ദ്രത്തിന് ചട്ട വിരുദ്ധമായി 86 ലക്ഷം രൂപ അനുവദിക്കുകയും ധനകാര്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിമാര്‍ അറിയാതെ 43 ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തതിനെതിരെ ലഭിച്ച പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് രണ്ടാം യൂണിറ്റ് സ്‌പെഷ്യല്‍ സി.ഐ ചന്ദ്രബാബുവിനാണ് അന്വേഷണച്ചുമതല.

കേന്ദ്രസര്‍ക്കാരിന്റെ സബല പദ്ധതിയുടെ ഭാഗമായുള്ള പഠനത്തിനെന്ന വ്യാജേനയാണ് മുന്‍ എം.പി ടി.എന്‍. സീമ ചെയര്‍പേഴ്‌സനും സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല ഡയറക്ടറുമായ സ്ത്രീ പഠന കേന്ദ്രത്തിന് പണം നല്‍കിയത് കേന്ദ്രപദ്ധതിയുമായി ഇതിന് ബന്ധമില്ല.

ടെണ്ടറില്ലാതെയും പഠനത്തിന് വ്യവസ്ഥകളില്ലാതെയുമാണ് സംഘടനയെ തെരഞ്ഞെടുത്തതെന്നും ചട്ടവിരുദ്ധമായാണ് 43 ലക്ഷം നല്‍കിയതെന്നും കണ്ടെത്തിയ അന്നത്തെ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ ഒതുക്കിയതോടെയാണ് പൊതുപ്രവര്‍ത്തകനായ ജോസഫ് വിജിലന്‍സിന് പരാതി നല്‍കിയത്.

പട്ടിക വിഭാഗങ്ങളിലെയും മത്സ്യത്തൊഴിലാളി മേഖലയിലെയും പെണ്‍കുട്ടികള്‍ക്ക് ക്ഷേമപദ്ധതികളുണ്ടാക്കാനെന്ന വ്യാജേനയായിരുന്നു പഠനം. 5600 പേരില്‍ നിന്ന് അഭിപ്രായ സര്‍വ്വേയിലൂടെ വിവര ശേഖരണം നടത്തി സമര്‍പ്പിച്ച തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിന്റെ നിലവാരം പരിശോധിക്കാതെ രണ്ടാം ഗഡുവായ 43 ലക്ഷം അനുവദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആദ്യ ഗഡുവായി നല്‍കിയ 43 ലക്ഷത്തില്‍ 18.39 ലക്ഷം ഉപയോഗിക്കാതെ ബാങ്കില്‍ ശേഷിക്കുന്നുണ്ടായിരുന്നു.

അഡീഷണല്‍ സെക്രട്ടറിമാര്‍ എതിര്‍ത്തതോടെ പണം നല്‍കുന്നത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തടഞ്ഞു. ചെലവഴിച്ച പണത്തിന്റെ കണക്ക് ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. എബ്രഹാം തൊടുന്യായങ്ങള്‍ ഉന്നയിച്ചെങ്കിലും രണ്ടാംഗഡു നല്‍കിയുള്ള ഉത്തരവ് റദ്ദാക്കി.

പി.എസ്. ശ്രീകലയ്ക്ക് സന്നദ്ധ സംഘടനയുടെ ഡയറക്ടറാകാന്‍ കേരള സര്‍വ്വകലാശാലയുടെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലെങ്കില്‍ പണമിടപാട് അസാധുവാകുമെന്നും പി.കെ. മൊഹന്തിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സര്‍വ്വകലാശാലയില്‍ നിന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് തേടും. ഉമ്മന്‍ചാണ്ടിയുടെയും മൊഹന്തിയുടെയും മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തും. അനധികൃത സ്വത്തു സമ്പാദന കേസിലും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വി.സി പദവികള്‍ ദുരുപയോഗം ചെയ്ത് സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലും എബ്രഹാം വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.