സഭയും സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക്: ന്യൂനപക്ഷ അവകാശം പറഞ്ഞ് സഭ തെരുവിലിറങ്ങുമോ?

വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്‌മെന്റുകളില്‍ വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അടച്ചാക്ഷേപിക്കരുതെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

സഭയുടെ കീഴിലുള്ള ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കുട്ടികള്‍ ഉറക്കെ ചിരിച്ചാല്‍ ഫൈന്‍ ഈടാക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിരുന്നു

വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പകച്ചു നില്‍ക്കുകയാണ്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ഭരണാധികാരി ഇത്ര വെട്ടിത്തുറന്ന് ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ച് തുറന്നടിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് വളരെ കരുതലോടെയാണ് കത്തോലിക്കാ സഭാ നേതൃത്വം പ്രതികരിച്ചത്.

സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രതികരണം. ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അടച്ചാക്ഷേപിക്കരുതെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വാശ്രയ മേഖലയിലെ കൊള്ളരുതായ്മകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം സംഘടിപ്പിച്ചതോടെയാണ് ഈ മേഖലയിലെ കൊള്ളരുതായ്മകള്‍ പുറംലോകം അറിഞ്ഞു തുടങ്ങിയത്. ക്രൈസ്തവ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന പ്രവണതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് പിണറായിയുടെ ഈ തുറന്നു പറച്ചില്‍.

കത്തോലിക്കാ സഭയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കുട്ടികള്‍ ഉറക്കെ ചിരിച്ചാല്‍ അതിന്റെ പേരില്‍പ്പോലും ഫൈന്‍ ഈടാക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. സി.പി.എമ്മിന്റെ യുവജന-വിദ്യാര്‍ത്ഥികള്‍ കോളേജ് മാനേജ്‌മെന്റിനെതിരെ തുറന്ന സമരത്തിലാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വാശ്രയ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കേണ്ടതില്ലെന്ന് നിലപാട് സ്വീകരിച്ചത്. കത്തോലിക്കാ സഭയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സഭ നടത്തുന്ന കോളേജുകളിലെ അനഭിലഷണീയ പ്രവണതയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം കത്തോലിക്കാസഭയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കച്ചവടത്തെക്കുറിച്ച് ആര് സംസാരിച്ചാലും ഉടനെ ന്യൂനപ ക്ഷ സംരക്ഷണമെന്ന മുട്ടാപ്പോക്കും പറഞ്ഞ് രംഗതക്ത് വരുന്നത് കത്തോലിക്കാ സഭയുടെ പതിവ് പരിപാടിയാണ്. ചെമ്പേരി വിമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥികളെ അടിമകളാക്കി വച്ചിരിക്കുന്ന മാനേജ്‌മെന്റിന്റെ നയത്തെ എതിര്‍ത്ത എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സഭ ഗുണ്ടകള്‍ എന്നാണ് അവരുടെ പ്രസ്താവനയില്‍ സംബോധന ചെയ്തിരിക്കുന്നത്. ‘ഭരണം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഡി.വൈ.എഫ്.ഐ നിയമം കയ്യിലെടുത്ത് നടത്തിയ ഗുണ്ടായിസം രാഷ്ട്രീയ ധാര്‍ഷ്ട്യവും ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയുമായി മാത്രമേ കരുതാനാവൂ എന്നാണ് സഭയുടെ നിലപാട്.

വിദ്യാഭ്യാസ വകുപ്പും പോലീസ് സംവിധാനവും കൈവശമുള്ള ഭരണകക്ഷി നടത്തിയ ഈ തെമ്മാടിത്തരത്തിന് ന്യായീകരണമില്ലെന്നും മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. സഭയുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന കൊള്ളരുതായ്മകളെ ആരും ചോദ്യം ചെയ്തു കൂടാ എന്ന ധാര്‍ഷ്ട്യം ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ പിന്തുണയും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ ലഭിക്കുന്നത് സഭയെ വെറളി പിടിപ്പിച്ചിട്ടുണ്ട്.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പൊതു സമൂഹത്തിന് ബോധ്യം വന്ന സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ പതിവ് വെരട്ടലുകള്‍ വേണ്ട പോലെ ഏശില്ലെന്ന ഭീതിയും സഭയ്ക്കുണ്ട്. കഴുത്തറപ്പന്‍ ഫീസും ഫൈനും വാങ്ങുന്ന ഏര്‍പ്പാടുകളെക്കുറിച്ച് പുനര്‍ചിന്തനം നടത്താമെന്ന സമീപനം പോലും കര്‍ദ്ദിനാളിന്റെ പ്രസ്താവനയില്‍ കാണാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തപ്പെടുന്നു.