ചുരുളിക്കെതിരായ വിമര്‍ശനം സിനിമ കാണാതെ: കോടതി

മൂഹമാധ്യമങ്ങളിലും മറ്റും കാര്യം അറിയാതെയുളള വിമര്‍ശനങ്ങള്‍ കൂടിവരുന്നതായി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍. ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സിനിമ കാണാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നവരില്‍ കൂടുതല്‍ എന്നും കോടതി നിരീക്ഷിച്ചു. ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരു വിഭാഗമുണ്ട്.

ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുമെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉള്ളതാണ് ചുരുളി സിനിമ എതിരായ ഹര്‍ജി എന്നും കോടതി നിരീക്ഷിച്ചു.

ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങളില്‍ പ്രശ്‌നമില്ലെന്ന റിപ്പോര്‍ട്ട് ഡിജിപി കോടതിക്ക് കൈമാറിയിട്ടുണ്ട്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.