സിൽവർ ലൈൻ പദ്ധതിക്ക് പാരവെച്ചത് ബി.ജെ.പി കേരള നേതൃത്വം

കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച സിൽവർ ലൈൻ പദ്ധതിക്ക് പാരവെച്ചത് ബി.ജെ.പി കേരള നേതൃത്വം. ഇക്കാര്യത്തിൽ നിർണ്ണായക പങ്കുവഹിച്ചിരിക്കുന്നത് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരാണ്. മെട്രോമാൻ ഇ.ശ്രീധരൻ്റെ വാദങ്ങളാണ് ഇവർ പ്രധാനമായും കേന്ദ്ര സർക്കാറിനു മുന്നിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മെട്രോമാനിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർക്കുള്ള വിശ്വാസവും, സിൽവർ ലൈനിനു റെഡ് സിഗ്നൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന കേന്ദ്രസർക്കാർ നിലപാട്, ഇനി ഒരിക്കലും അനുമതി നൽകുന്നതിൻ്റെ സൂചനയാണെന്നാണ് സംഘ പരിവാർ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച്, എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ്, ഈ പദ്ധതിക്ക് നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകാനാവില്ലെന്ന കാര്യം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രേഖാമൂലം നൽകിയ മറുപടിയിൽ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് വ്യക്തമാക്കിയത്.

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്.  ഈ രണ്ട്  റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ, നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി മനസ്സിലാക്കിയ ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ്, കേന്ദ്രമന്ത്രി തൻ്റെ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രം ആഗ്രഹിക്കുന്ന രൂപത്തിൽ ഇത്തരം റിപ്പോർട്ടുകൾ നൽകാൻ ഒരിക്കലും കേരളത്തിനു കഴിയുകയില്ല. അതിനു പ്രായോഗികമായ പലവിധ തടസ്സങ്ങളുമുണ്ട്. ഇക്കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ്, കേന്ദ്രവും ‘ഡിമാൻ്റ്’ മുന്നോട്ട് വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിൽവർ ലൈനിൻ്റെ ഭാവി തന്നെയാണിപ്പോൾ അനിശ്ചിതത്തിൽ ആയിരിക്കുന്നത്.

പിണറായി സർക്കാറിനെ സംബന്ധിച്ച് ഇതു വലിയ തിരിച്ചടി തന്നെയാണ്. ”കേരളത്തിൻ്റെ സ്വപ്ന പദ്ധതിയുടെ കടയ്ക്കൽ കേന്ദ്രം കത്തിവച്ചു” എന്നാണ് ഇടതുപക്ഷ നേതാക്കൾ ഈ നിലപാടിനോട് പ്രതികരിച്ചിരിക്കുന്നത്. ബി.ജെ.പിയും യു.ഡി.എഫും ആകട്ടെ, കേന്ദ്ര നിലപാടിൽ വലിയ ആവേശത്തിലുമാണ്. യാത്രാ ദുരിതം പരിഹരിക്കാൻ കൂടുതൽ പ്രാദേശിക ട്രയിനുകൾ കേരളത്തിനു അനുവദിക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യം കേന്ദ്ര സർക്കാറിനോടും ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്രബജറ്റിൽ, ധനമന്ത്രി വന്ദേഭാരത് അതിവേഗ തീവണ്ടി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇനി സിൽവർ ലൈനും ആവശ്യമില്ലന്നതാണ് സുരേന്ദ്രൻ്റെ നിലപാട്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്നതാണ് സിൽവർ ലൈൻ പദ്ധതി. കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഈ കമ്പനിയിൽ കേരള സർക്കാരിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമാണ് ഉള്ളത്. പദ്ധതിക്കായി സർക്കാർ ഭൂമി മാത്രമല്ല, റെയിൽവേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ, സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേയെ എങ്ങനെ ബാധിക്കും എന്നറിയണമെന്നതാണ് റെയിൽവെ മന്ത്രിയുടെ നിലപാട്. പദ്ധതിക്ക് അനുബന്ധമായി എത്ര റെയിൽവേ ക്രോസിംഗുകൾ വരുമെന്നും മന്ത്രി ചോദിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് തരണമെന്നാണ് കെ റെയിൽ കോർപ്പറേഷനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകും എന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നാണ് സി.പി.എം എം.പി എളമരം കരീം പറയുന്നത്.സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകണമെന്നും ബജറ്റിൽ പ്രഖ്യാപനം നടത്തണമെന്നും നേരത്തെ മുതൽ കേരള  സർക്കാർ ആവശ്യപ്പെട്ടു വരികയാണ്. എന്നാൽ, കേരളത്തിൽ മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് പദ്ധതിയെ നഖശിഖാന്തം എതിർക്കുകയാണ് ചെയ്തത് എന്നും സി.പി.എം നേതാവ് തുറന്നടിച്ചിട്ടുണ്ട്.