സില്‍വര്‍ ലൈനിന് കേന്ദ്രം അനുമതി നിഷേധിച്ചിട്ടില്ലെന്ന് കെഎന്‍ ബാലഗോപാല്‍

സംസ്ഥാന സര്‍ക്കാരിന്റെ സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍.”പാര്‍ലമെന്റിലേത് സാധാരണ മറുപടി മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ ചില കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതിന് സര്‍ക്കാര്‍ മറുപടി നല്‍കും. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ നല്‍കിയ കത്തിലുണ്ട്.” പദ്ധതിയില്‍ സര്‍ക്കാര്‍ തിരക്ക് കൂട്ടിയിട്ടില്ലെന്നും പദ്ധതിക്ക് എതിരായി ഒരു പരാമര്‍ശവും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഘോഷിക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്നാണ് പാര്‍ലമെന്റില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്. പരിസ്ഥിതി പഠനം നടന്നിട്ടില്ല. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും, സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയില്‍വെ സഹമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവൂയെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരായ എകെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.