വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഗോവയില്‍ അധികാരത്തിലെത്തും; ന്യായ് പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

പനാജി: കോണ്‍ഗ്രസ് ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. എല്ലാ മാസവും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറായിരം രൂപ വീതം അക്കൗണ്ടുകളിലേക്ക് നല്‍കുന്നതാണ് ന്യായ് പദ്ധതി. പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇത് നടപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ഇക്കാര്യം രാഹുല്‍ പ്രഖ്യാപിച്ചത്. അതാണ് ഗോവയിലും നടപ്പാക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും ന്യായ് പദ്ധതി നല്ല രീതിയില്‍ നടപ്പാക്കുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഗോവയില്‍ എത്തിയ സമയത്താണ് വമ്പന്‍ പ്രഖ്യാപനം രാഹുല്‍ നടത്തിയത്.

ഒരു വര്‍ഷം ഒരു കുടുംബത്തിന് 72000 രൂപ അക്കൗണ്ടിലെത്തും. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുകയെന്നും രാഹുല്‍ പറഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെ തന്നെ ഇത്തവണ കോണ്‍ഗ്രസ് ഗോവയില്‍ അധികാരത്തിലെത്തും. ആരും വോട്ട് പാഴാക്കി കളയരുത്. പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും’ രാഹുല്‍ പറഞ്ഞു