കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു;ടിപിആര്‍ എട്ടില്‍ താഴെ

ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്. രാജ്യത്ത് ഇന്നലെ 1,27,952 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനം. കഴിഞ്ഞദിവസത്തെക്കാള്‍ 14 ശതമാനം കുറവാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം.

ഇരുപത്തിനാലു മണിക്കൂറിനിടെ 2,30,814 പേര്‍ രോഗമുക്തരായി. 1059 പേരാണ് ഈ സമയത്തിനിടെ രോഗബാധ മൂലം മരിച്ചത്. നിലവില്‍ 13,31,648 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

മരണം അഞ്ചു ലക്ഷം കടന്നു

കോവിഡ് മരണ സംഖ്യ അഞ്ച് ലക്ഷം പിന്നിടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുന്‍പ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്.

കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് ഇന്ത്യയിലെ മരണസംഖ്യ നാല് ലക്ഷമായിരുന്നു. 217 ദിവസംകൊണ്ടാണ് ഒരു ലക്ഷം പേര്‍ക്കുകൂടി ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം കോവിഡ് മരണ സംഖ്യ 1072 ആയിരുന്നു. കേരളത്തിലാണ് കൂടുതല്‍ മരണങ്ങള്‍, 595 മരണം.ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,00,055 ആയി.

ആഗോളതലത്തില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ 9.2 ലക്ഷം പേരുടെ ജീവന്‍ കോവിഡ് എടുത്തു. ബ്രസീലില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത് 6.3 ലക്ഷം പേര്‍.അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി കുറഞ്ഞു.