വര്‍ഷങ്ങളായി വാടക നല്‍കാതെ കോണ്‍ഗ്രസ്; സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്കും കുടിശിക

Rahul Gandhi, President of Congress party, speaks with his mother and leader of the party Sonia Gandhi during Congress Working Committee (CWC) meeting in New Delhi, India, May 25, 2019. REUTERS/Altaf Hussain - RC158B5CC540

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ പാർട്ടിയിലെ മറ്റ് നേതാക്കൾ കൈവശം വച്ചിരിക്കുന്ന വസ്തുക്കളുടെ വാടക വർഷങ്ങളായി നൽകിയിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ആക്ടിവിസ്റ്റായ സുജിത് പാട്ടീൽ നൽകിയ അപേക്ഷയ്ക്ക് കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാന കെട്ടിടത്തിന്റെ വാടകത്തുക 2012 ഡിസംബർ മുതൽ കുടിശികയാണ്. 12,69,902 രൂപയാണ് ഈ ഇനത്തിൽ നൽകാനുള്ളത്. ജനപഥ് റോഡിലെ സോണിയയുടെ ഔദ്യോഗിക വസതിയുടെ വാടക 2020 സെപ്റ്റംബറിനു ശേഷം നൽകിയിട്ടില്ല. 4610 രൂപയാണ് കുടിശിക.

സോണിയയുടെ പേഴ്സണൽ സെക്രട്ടറി വിൻസന്റ് ജോർജിന്റെ ഡൽഹിയിലെ ചാണക്യപുരിയിലെ സി-11\109 നമ്പർ ബംഗ്ലാവിന്റെ വാടക കുടിശിക 5,07,911 രൂപയാണ്. അവസാനം കെട്ടിടത്തിന്റെ വാടക അടച്ചത് 2013 ഓഗസ്റ്റിലാണെന്ന് വിവരാവകാശത്തിൽ പറയുന്നു. ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് താമസിക്കാന്‍ സൗകര്യം നല്‍കുന്ന ഭവന നിയമ പ്രകാരം എല്ലാ പാർട്ടികൾക്കും സ്വന്തമായി ഓഫീസ് നിർമ്മിക്കാൻ മൂന്ന് വർഷത്തെ സമയം നൽകിയിട്ടുണ്ട്, തുടർന്ന് സർക്കാർ ബംഗ്ലാവ് ഒഴിയണം. പാര്‍ട്ടി ഓഫീസ് പണിയുന്നതിനായി 2010 ജൂണില്‍ 9‑എ റോസ് അവന്യുവില്‍ കോണ്‍ഗ്രസിന് ഭൂമി അനുവദിച്ചിരുന്നു. അക്ബര്‍ റോഡിലെ പാര്‍ട്ടി കെട്ടിടം ഉള്‍പ്പെടെ നിരവധി ബംഗ്ലാവുകള്‍ കോണ്‍ഗ്രസ് 2013ല്‍ തന്നെ ഒഴിയേണ്ടതായിരുന്നു. എന്നാല്‍ ഇത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

2020 ജൂലൈയില്‍ ഒരുമാസത്തിനകം ലോധിയിലെ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രം നോട്ടീസ് നല്‍കിയിരുന്നു. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. അഴിമതിയൊന്നും നടത്താന്‍ കഴിയാത്തതിനാലാണ് വാടക കൊടുക്കാന്‍ പോലും കഴിയാത്തതെന്നും സോണിയ ഗാന്ധി ദുരിതാശ്വാസ ഫണ്ടിലേക്ക് 10 രൂപ വീതം നല്‍കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചുണ്ടെന്നും ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ പറഞ്ഞു. ഇത്തരത്തില്‍ പണം ലഭിച്ചതിന്റെ സ്ക്രീന്‍ ഷോട്ടും തജീന്ദര്‍ ട്വിറ്ററില്‍ പങ്കുവച്ചു.