യുക്രൈന്‍ വിഷയം; ചര്‍ച്ചയ്ക്ക് തയ്യാറായി ബൈഡനും പുടിനും

യുക്രൈന്‍: യുക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായി. കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവര്‍ മക്രോണ്‍ പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ജോ ബൈഡനും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ധാരണയായത്.

ചര്‍ച്ച കഴിയുന്നതുവരെ റഷ്യ യുക്രൈനിലേക്ക് കടന്നു കയറരുത് എന്ന നിബന്ധനയോടെയാണ് യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്. യുദ്ധമൊഴിവാക്കാനുള്ള അവസാന ശ്രമമായാണ് ഫ്രഞ്ച് പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.

റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതുവരെ നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയില്‍ വ്യക്തമാക്കി.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഈ മാസം 24ന് യൂറോപ്പില്‍ കൂടുക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ഇരു രാജ്യങ്ങളിലേയും പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തുക.