ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തും, ഓൺലൈൻ ക്ലാസുകൾ തുടരാം; മന്ത്രി വി ശിവൻകുട്ടി

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും മുഴുവൻ സമയ അധ്യയനത്തിലേക്ക്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾ സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.ഭൂരിപക്ഷം വിദ്യാർഥികളും സ്കൂളുകളിൽ എത്തിയതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സ്കൂളുകൾ തുറന്നത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സന്തുഷ്ടരാണെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ഹാജറും നിർബന്ധമല്ല. അധ്യയനം പഴയ പടിയായെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നി‍‌ർദേശം. ലോക മാതൃഭാഷാദിനത്തിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് വിദ്യാർത്ഥികൾ തിരികെ സ്‌കൂളിലേക്ക് എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ പൂർണമായി തുറന്നപ്പോൾ പ്രവേശനോത്സവത്തിന്റെ പ്രതീതിയിലായിരുന്നു വിദ്യാലയങ്ങൾ. കൂട്ടുകാരെ കണ്ടതിന്റെ സന്തോഷവും, വാർഷിക പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിലുമാണ് വിദ്യാർഥികൾ.