വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഭയുടെ കൂച്ചുവിലങ്ങ്

തിരുവനന്തപുരം : വിദ്യാഭ്യാസ കച്ചവടമെന്ന ആരോപണമൊഴിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ക്രൈസ്തവ സഭാ നേതൃത്വം. സഭയുടെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഭാ നേതൃത്വം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും രൂപീകരിക്കും.

ക്രൈസ്തവ മാനേജ്‌മെന്റുകളും വിദ്യാഭ്യാസക്കച്ചവടത്തിന്റെ ഭാഗമാകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ച പശ്ചാത്തലത്തിലാണ് സുതാര്യ പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള നടപടികള്‍. ഓരോ രൂപതയുടെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അതത് രൂപതകള്‍ തന്നെയാകും വിലയിരുത്തുക. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള വൈദികരെയും അല്‍മായരെയും ഉള്‍പ്പെടുത്തിയായിരിക്കും നിരീക്ഷണത്തിന് പ്രത്യേക വിങ് രൂപീകരിക്കുന്നത്.

ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ സ്വാശ്രയ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കുന്ന ശൈലി ഉചിതമല്ലെന്നായിരുന്നു പിണറായിയുടെ വിമര്‍ശനത്തിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മറുപടി. എന്നാല്‍ സര്‍ക്കാരിനോട് തുറന്ന പോരിനു തയ്യാറാകാതെ തങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധികലശം നടത്താനാണ് സഭയുടെ പരാതി.

സഭയുടെ നിയന്ത്രണത്തിലുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സഭാ നേതൃത്വത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആരോപണങ്ങളുയര്‍ന്ന മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ വേണ്ടി വന്നാല്‍ നടപടിയെടുക്കുമെന്നും സൂചനയുണ്ട്. കൂടാതെ സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്.

സ്വാശ്രയ മേഖലയിലെ അരുതായ്മകള്‍ക്കെതിരെ അടുത്ത കാലത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം സംഘടിപ്പിച്ചതോടെയാണ് വിഷയം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. കത്തോലിക്ക സഭയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയിലുള്ള ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കുട്ടികള്‍ ഉറക്കെ ചിരിച്ചാല്‍പ്പോലും ഫൈന്‍ ഈടാക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സഭയ്ക്കും ഏതാനും ചിലരുടെ നടപടികളുടെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നത് സഭാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിദ്യാഭ്യാസ മേഖലയിലെ ശുദ്ധികലശത്തിന് സഭാ നേതൃത്വം തയ്യാറായിരിക്കുന്നത്.